തൃശൂര്‍: ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും വി മുരളീധരൻ പരിഹസിച്ചു.
അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്ന് പറഞ്ഞ വി മുരളീധരൻ, സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.