2020-ലെ പട്ടികയിലും പേരില്ല; വോട്ട് ചെയ്‌തെന്ന് ആവര്‍ത്തിച്ച് വി.എം.വിനു, കോൺഗ്രസ് വാദം പൊളിയുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന്റെ പേര് 2020-ലെ വോട്ടര്‍ പട്ടികയിലുമില്ല. വിനുവിന്റെ പേര് ഒഴിവാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന കോണ്‍ഗ്രസിന്റെ വാദം ഇതോടെ പൊളിയുകയാണ്.

2020-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനില്‍ നാലാം നമ്പര്‍ ബൂത്തില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിനു പറയുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ സ്ഥിരീകരിക്കുന്നുമുണ്ട്. 20 കൊല്ലമായി അവിടെ താമസിക്കുന്നുണ്ട് എന്നും അന്നേദിവസം എറണാകുളത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പായി വോട്ട് രേഖപ്പെടുത്തി എന്നുമാണ് വിനു പറയുന്നത്. സ്ഥലത്തെ കൗണ്‍സിലറായ രാജേഷും ഇക്കാര്യം സ്ഥിരീകരിച്ചു. തിരക്ക് കുറവായതിനാല്‍ രാവിലെ നേരത്തെ വന്ന് വോട്ട് ചെയ്തെന്നും കൗണ്‍സിലര്‍ പറയുന്നു.

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെ എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും അങ്ങനെ അത് ചെയ്താല്‍ കള്ളവോട്ടാകില്ലേ എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

കരട് വോട്ടര്‍ പട്ടികയോ അന്തിമ വോട്ടര്‍ പട്ടികയോ പരിശോധിക്കാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന ആരോപണവും ഇതോടെ എല്‍ഡിഎഫില്‍നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വിഎം വിനുവിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ മറുപടി പറയണമെന്നുമാണ് ആവശ്യം. 

വോട്ടര്‍ പട്ടിക പരിശോധിക്കാതെയാണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് മറുപടി നൽകുന്നില്ല. 18 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് വോട്ടുണ്ടാവില്ലെന്ന് ഇത് വരെ ചിന്തിച്ചിട്ടില്ല എന്നും ഇനി ചിന്തിക്കേണ്ട സമയമായി എന്നുമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News