കണ്ണൂര്‍: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തില്‍ പ്രതികരിച്ച് വി.കെ. സനോജ് എംഎല്‍എ. കൂടുതല്‍ വലിയ കള്ളത്തരം നടത്തുന്നയാള്‍ക്ക് കൂടുതല്‍ വലിയ പ്രതിഫലം ലഭിക്കും എന്നാണ് വി.കെ. സനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.
ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗര്‍വാളെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് സനോജ് രംഗത്തുവന്നത്. എന്നാല്‍ കേരളത്തിന് സമാനമായ അവസ്ഥ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി എന്താണ് എന്നും വി.കെ. സനോജ് ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു. ഇപ്പോള്‍ കേരളത്തിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി എന്താണ്?
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്റ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പോലെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വസ്ത വിഥേയനാണ് ഖേല്‍ക്കര്‍ എന്ന് ബിനോയ് വിശ്വം പറഞ്ഞു.


