25.1 C
Kottayam
Thursday, May 9, 2024

വായ്പാ തിരിച്ചടവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ജെ. ജോസ് കുഴഞ്ഞ് വീണ് മരിച്ചു

Must read

കൊച്ചി: വായ്പാ തിരിച്ചടവിനെച്ചൊല്ലി ബാങ്കുകാരുമായുണ്ടായ തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ. ജോസ്(60) കുഴഞ്ഞ് വീണു മരിച്ചു. വാഹനവായ്പ കുടിശികയെക്കുറിച്ചു സംസാരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മരണമെന്ന് വീട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഇരുചക്ര വാഹനം വാങ്ങുന്നതിനെടുത്ത വായ്പയുടെ രണ്ട് അടവുകള്‍ മുടങ്ങിയിരുന്നു. മുടങ്ങിയ തുക ഈ മാസം 30ന് അടക്കാമെന്നു ജോസ് ഉറപ്പ് നല്‍കിയിരിന്നു. എന്നിട്ടും ഇതിന്റെ പേരില്‍ ബാങ്കുകാര്‍ മൂന്നു തവണ വീട്ടില്‍ വന്നതായി വി.ജെ. ജോസിന്റെ മകന്‍ പറയുന്നു. ബാങ്കുകാരുമായി ജോസ് തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ട ജോസിനെ വാഹനത്തില്‍ കയറ്റാനും മറ്റും ബാങ്കുകാര്‍ സഹായിച്ചിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കോളാമെന്നു പറഞ്ഞ അവരെ പിന്നീട് കണ്ടില്ലെന്ന് ജോസിന്റെ ബന്ധുക്കള്‍ പറയുന്നു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് വി.ജെ. ജോസ്. ഇദ്ദേഹത്തെ ‘ഗ്രീന്‍പീസ്’ പെരിയാറിന്റെ സംരക്ഷണത്തിനായി ‘റിവര്‍ കീപ്പര്‍’ ആയി നിയോഗിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week