KeralaNews

‘അടിമുടി രാഷ്ട്രീയക്കാരന്‍’; രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരന്‍, കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.   

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി.  നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ ചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി  മക്കളായ  ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button