KeralaNewsPolitics

ശമ്പളം കൊടുക്കാന്‍ പണമില്ല; 2 ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പരിഹാസ്യനാകുന്നു,തൃക്കാക്കരയില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മുഖ്യമന്ത്രിക്കും ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി:സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ കാശില്ലാതെ രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കില്ല. ഒരിടത്തും കല്ലിടില്ല. കല്ലിട്ടാല്‍ പിഴുതെറിയും. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പം നിന്ന് സില്‍വര്‍ ലൈനിനെതിരെ ശക്തമായി ചെറുത്ത് നില്‍ക്കും.

തൃക്കാക്കരയില്‍ ഒരാഴ്ച നിന്നപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. യു.ഡി.എഫ് വന്‍ ഭൂരിപഷത്തില്‍ ജയിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തത്. ഉമാ തോമസ് പി.ടി തോമസ് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ജാതിയും മതവും നോക്കിയാണ് മന്ത്രിമാര്‍ വോട്ട് പിടിക്കാന്‍ പോകുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തത് എതിരായി മാറിയെന്ന് മനസിലായത് കൊണ്ടാണ് സര്‍ക്കാര്‍ പിന്നാക്കം പോയത്.

പി.സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്‌ട്രേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് നാടകമാണ് സര്‍ക്കാര്‍ നടത്തിയത്. അറസ്റ്റ് ചെയ്‌തെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിനും മകനും തിരുവനന്തപുരം വരെ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാനും സംഘപരിവാര്‍ സ്വീകരണം ഏറ്റുവാങ്ങാനും സൗകര്യമൊരുക്കിക്കൊടുക്കുകയും പബ്ലിക് പ്രോസിക്യൂട്ടറെ അപ്രത്യക്ഷനാക്കുകയും എഫ്.ഐ.ആറില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. കോടതിക്ക് പുറത്തും തൃക്കാക്കരയിലും പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. ഭരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതാണ് ഇതിനേക്കാള്‍ ഉത്തമം. തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും അറസ്റ്റ് നാടകം നടത്തുന്നതിനുള്ള തിരക്കഥയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാത്തതും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകത്തതും എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിയെ സ്വന്തം വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങി എത്താന്‍ അനുവദിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിവില്ല. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. കോടതി ഇടപെട്ടാല്‍ മാത്രമെ അറസ്റ്റ് നടക്കൂ. ഇത്തരത്തിലുള്ള പ്രസംഗം ആര് നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നതാണ് യു.ഡി.എഫ് നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button