തിരുവനന്തപുരം: പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിർത്തത്. എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് എതിർത്തത്. ലോക കേരള സഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നും സതീശൻ വ്യക്തമാക്കി. പ്രവാസികൾ വന്ന് ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് ധൂർത്താവുകയെന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.
ഞങ്ങളുടെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ് എന്നും വി ഡി സതീശൻ പറഞ്ഞു. ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല. തന്നെ കൊല്ലും വഴി നടത്തില്ല എന്നൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐഎം. സിപിഐഎം പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി കളളക്കേസ് കൊടുക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധത്തില്‍ വധശ്രമ കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയാണെന്നും സതീശൻ ആരോപിച്ചു. സമ്മര്‍ദ്ദം മൂലമാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിമാനത്തിനകത്ത് പ്രതിഷേധിച്ച മൂന്നാമത്തെ ആള്‍ എവിടെ എന്ന് അറിയില്ല. സംഭവത്തിൽ വ്യക്തത വരുത്തുകയല്ല കോടിയേരി ചെയ്തത്, മലക്കം മറിയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പ്രകാരമാണ് സിപിഎം നേതാക്കൾ പ്രസ്താവന മാറ്റിപ്പറയുന്നതെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പ്രവാസികളുടെ പ്രശ്‌നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഉള്ള അംഗീകാരമാണ്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയില്‍ പ്രതിപക്ഷത്ത് വരുമ്പോ ഇത്തരം ബഹിഷ്‌കരിണം ഒഴിവാക്കണം. പ്രവാസികള്‍ വന്നു ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞതില്‍ വിഷമം ഉണ്ട്.’ യൂസഫലി വിശദീകരിച്ചു. എന്നായിരുന്നു എം എ യൂസഫലി പറഞ്ഞത്. ലോക കേരള സഭയില്‍ പ്രസംഗിക്കവെയായിരുന്നു യൂസഫലിയുടെ പ്രതികരണം.