കോഴിക്കോട്/കണ്ണൂര്‍: നടിയെ ആക്രമിച്ച കേസിലെ കോടതിവിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായത്. അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരുന്ന നടന്‍ ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുകയും ചെയ്തു. പ്രോസിക്യൂഷന്‍ വീഴ്ച സംബന്ധിച്ചോ എന്ന ചോദ്യത്തിന് ജഡ്ജ്‌മെന്റ് പുറത്തുവരാതെ അതിനേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് സതീശന്‍ പറഞ്ഞു.
അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇത്തരം വിധി സഹായകമാകും. തൃക്കാക്കര എംഎല്‍എ ആയിരുന്ന പിടി തോമസിന്റെ ഇടപെടലിലാണ് ഇങ്ങനെ ഒരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തെ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു. ഒരുതരത്തിലും പ്രതികള്‍ രക്ഷപ്പെടരുത് എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ സ്ത്രീ സുരക്ഷ കുറേക്കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീക്ക് അത് കിട്ടുമെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം മെച്ചപ്പെടുത്തണം. ഇന്ന് ആ സംവിധാനം പോരായെന്നും വിഡി സതീശന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.


