തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനും തുടര്‍ന്നുണ്ടായ അതിക്രമങ്ങള്‍ക്കും പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടരുന്ന മൗനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ചും, തുടര്‍നടപടികളെ നിയമപരമായി നേരിടുമെന്ന സി.പി.എം നിലപാടിനെക്കുറിച്ചും പൊതുസമൂഹത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ രീതിയിലുള്ള സംവാദങ്ങള്‍ നടക്കുമ്പോഴാണ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുവരെ തയ്യാറാകാത്തത്.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം തേടി ഇന്നലെയും ഇന്നുമായി പന്ത്രണ്ട് തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ വെച്ച് അഞ്ച് തവണയും, ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ഏഴ് തവണയും മാധ്യമങ്ങള്‍ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം പൂര്‍ണ്ണ മൗനം പാലിക്കുകയായിരുന്നു. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിയിലും മൗനത്തിലും പ്രതികരണം ഒതുക്കിയ മുഖ്യമന്ത്രി, ഇന്ന് ചോദ്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിവിധ പൊതുപരിപാടികളിലും സന്ദര്‍ശനങ്ങളിലും പങ്കെടുത്ത മുഖ്യമന്ത്രിയെ വിടാതെ പിന്തുടര്‍ന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. രാവിലെ 7.20-ന് ആലുവയിലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ വെച്ചും, തുടര്‍ന്ന് രാവിലെ 10.25-ന് മലപ്പുറം പാണക്കാട് തറവാട്ടില്‍ വെച്ചും മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. പിന്നീട് കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ രാവിലെ 11.40-ന് എം.കെ. മുനീറിന്റെ വീട്ടിലും, ഉച്ചയ്ക്ക് 12.48-ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലും വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും സമീപിച്ചു. ഉച്ചയ്ക്ക് ശേഷം 2.50-ന് പി.വി. ചന്ദ്രന്റെ വസതിയിലും, 3.50-ന് കോഴിക്കോട് ജൂബിലി ഹാളിലും വെച്ചും, ഒടുവില്‍ വൈകീട്ട് 6.41-ന് കോഴിക്കോട് ബീച്ചിലെ സമുദ്ര ഹാളില്‍ വെച്ചും പ്രതികരണം തേടിയെങ്കിലും ഒരു തവണ പോലും ഈ വിഷയത്തില്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ഇ.ഡി റെയ്ഡ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയോ ‘ഡീലിന്റെയോ’ ഭാഗമാണെന്ന പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഒളിച്ചുകളി. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ വി.ഡി. സതീശന്‍ തയ്യാറായിട്ടില്ല.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരേയുണ്ടായ സിപിഎം ആക്രമണത്തില്‍ അഭിപ്രായം പറയേണ്ടത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണെന്ന നിലപാടാണോ ഈ മൗനത്തിന് പിന്നിലെന്ന് വ്യക്തമല്ല.എന്നിരുന്നാലും തലസ്ഥാനത്തുണ്ടായ പൊലീസിന്റെ ഗുരുതര സുരക്ഷാ വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് തുറന്നുപറയേണ്ടതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.


