തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് പരാമർശിച്ചതിനെ ചൊല്ലിയുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ മുഴുവൻ പേര് വായിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും പാസ്‌പോർട്ടിലും മറ്റും ഇത്തരത്തിലാണ് രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താൻ എം.എൽ.എ ആകുന്നതിന് മുൻപുതന്നെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേര് കൂടി പറയാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത് രാജ്ഭവനിൽനിന്നുള്ള നിർദേശം അനുസരിച്ചാണെന്നും താൻ വേദിയിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാടിത്തുടങ്ങിയ സമയത്ത് അത് തടസ്സപ്പെടുത്താൻ കഴിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


