കൊച്ചി:യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍ യോഗ ശേഷം പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആര്‍ക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് സതീശന്റെ നിര്‍ദ്ദേശം. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കാണാന്‍ എകെജി സെന്ററിന്റെ അനുവാദം വേണ്ടെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള മറുപടി. ഇത് പോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയന്‍ ഉപദേശം നല്‍കണമെന്നും സതീശന്‍ തിരിച്ചടിച്ചു. യുഡിഎഫില്‍ പ്രശ്‌നമുണ്ടായിരുന്നു, അതുകൊണ്ടാണ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും നേരില്‍ കണ്ടത്. ഒരു നിബന്ധനയുമില്ലാതെ എല്ലാത്തിനും പരിഹാരമുണ്ടായെന്നാണ് സതീശന്റെ അവകാശവാദം. എഐസിസി ജനറല്‍ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവില്‍ കേരളത്തിലില്ല.
കോൺഗ്രസിലെ വെടിനിർത്തലിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്തനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം.പാർട്ടി തീരുമാനത്തെ അംഗീകരിക്കാത്തവർ പുറത്ത് പോകണമെന്ന് ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ നടപടി വേണണെന്ന ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യവും സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അച്ചടക്കനടപടികളിലെ ഇരട്ടനീതി പ്രശ്നത്തിനും ഇതോടെ പരിഹാരമായി.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.സുധാകരനും വിഡി സതീശനും നടത്തിയ ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിച്ച് നീങ്ങാൻ ധാരണയായതിന് പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം തേടുന്നത്. സംസ്ഥാനത്ത് തന്നെ പ്രശ്നപരിഹാരമുണ്ടായതോടെ താരിഖ് അൻവറിൻറെ കേരള യാത്ര റദ്ദാക്കി.
ഇന്നലെ വി ഡി സതീശൻ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വീട്ടിലെത്തി കണ്ടതോടെയാണ് സമവായ അന്തരീക്ഷത്തിന് കളമൊരുങ്ങിയത്. പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനും സതീശനും ഒരുമിച്ചിരുന്നു ചർച്ച നടത്തി. തങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യം. ചർച്ചകളിലൂടെ മാത്രമേ തീരുമാനുണ്ടാകുവെന്ന ഉറപ്പ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും നൽകി.
കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാക്കൾക്കും സംസ്ഥാന നേതൃത്വത്തിനും മുഖം രക്ഷിക്കാൻ ഒത്ത് തീർപ്പ് അനിവാര്യമായിരുന്നു. ഹൈക്കമാൻഡും ഘടകകക്ഷികളും കടുത്ത അതൃപ്തി അറിയിച്ചതോടൊണ് ഔദ്യോഗിക നേതൃത്വം അനുനയത്തിന് തയ്യാറായത്. ഗ്രൂപ്പിൽ നിന്നും വ്യാപക ചോർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം തുടർന്ന് കൊണ്ടുപോകാൻ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും പരിമിതികളുമുണ്ടായിരുന്നു. കെപിസിസി പുനസംഘടനയിൽ ഇരുനേതാക്കളും ഉന്നയിക്കുന്ന ആവശ്യങ്ങൾ എത്രത്തോളം ഔദ്യോഗിക നേതൃത്വം പരിഗണിക്കും എന്നതി ആശ്രയിച്ചിരിക്കും സമവായത്തിൻറെ ഭാവി.