NationalNews

തബലയും ഓടക്കുഴലും വാഹനഹോണില്‍,നിരത്തുകള്‍ സംഗീതസാന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:വളരെ ചെറുതും എന്നാല്‍ ഒഴിച്ചു കൂടാനാവാത്തതുമായ വാഹന ഭാഗങ്ങളില്‍ ഒന്നാണ് ഹോണുകള്‍. അവയില്ലാതെ വാഹനം റോഡിലേക്ക് ഇറക്കാനുള്ള ആത്മവിശ്വാസം ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകില്ല. എന്നാല്‍ നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്ദശല്യം സൃഷ്ടിക്കുന്ന ഡ്രൈവ്രമാരും പതിവുകാഴ്ചയാണ്. ഇത്തരക്കാരെക്കൊണ്ടുള്ള ശല്യവും ചെറുതല്ല. മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ശബ്ദ മലിനീകരണം ഒരു മുഖ്യ പ്രശ്‌നമാണ്. അത് ജനങ്ങള്‍ക്ക് മാനസീകവും ശാരീരികവുമായ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇതിനൊരു പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതിനായി വാഹന ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ശബ്ദങ്ങള്‍ക്ക് പകരം തബലയും പുല്ലാങ്കുഴലും പോലുള്ള സംഗീതോപകരണങ്ങളുടെ ശബ്ദം ഉണ്ടാക്കാനുള്ള ഹോണുകള്‍ക്കായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉള്‍പ്പെടുന്ന ഹോണുകള്‍ ഉപയോഗിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

‘ഞാന്‍ നാഗ്പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യും. പക്ഷേ വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്ദം പ്രഭാതത്തിന്റെ നിശബ്ദതയെ ശല്യപ്പെടുത്തുന്നു. ഇതോടെ, വാഹനങ്ങളുടെ ഹോണുകള്‍ എങ്ങനെ ശരിയായ രീതിയില്‍ പരിഷ്‌കരിക്കാമെന്ന ചിന്ത മനസില്‍ വന്നു. കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്. തബല, താളവാദ്യം, വയലിന്‍, പുല്ലാങ്കുഴല്‍, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍ നിന്ന് കേള്‍ക്കണം എന്നാണ് ആഗ്രഹം..’ ഗഡ്കരി പറയുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ഹോണുകള്‍ കാതുകള്‍ക്ക് സംഗീതമായിരിക്കണം എന്ന് അവയുടെ ശബ്ദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച നിതിന്‍ ഗഡ്കിരി വ്യക്തമാക്കി. ഹോണ്‍ ശബ്ദം മാറ്റാന്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളില്‍ ചിലത് ഓട്ടോ നിര്‍മ്മാതാക്കള്‍ക്ക് ബാധകമാണ്. അതിനാല്‍, വാഹനം നിര്‍മ്മിക്കുമ്പോള്‍, അതിന് ശരിയായ തരം ഹോണ്‍ ഉണ്ടായിരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്തെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു ഹോണിന്റെ പരമാവധി ശബ്ദം 112 ഡെസിബല്‍ കവിയാന്‍ പാടില്ല. ഇതിലും ഉച്ചത്തിലുള്ളവ ട്രെയിന്‍ ഹോണുകളാണ്. ഇവ ഏകദേശം 130-150 ഡെസിബല്‍ ശബ്ദം പുറപ്പെടുവിക്കുന്നു എന്നാണ് കണക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker