കോട്ടയം: മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആള്‍ക്കാരെ അപമാനിക്കാനാണ് മന്ത്രി സജി ചെറിയാനെ വിട്ടിരിക്കുന്നതെന്ന് വി.ഡി.സതീശന്‍. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത ശേഷം ചീത്ത വിളിപ്പിക്കാനായി ആളെ പറഞ്ഞുവിടുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നവകേരള സദസ്സിലുടനീളം തനിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സജി ചെറിയാന്‍. ക്രൈസ്തവ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. പ്രധാനമന്ത്രി വിളിച്ച സദസ്സില്‍ ക്രൈസ്തവ നേതാക്കള്‍ പോയത് തെറ്റല്ല.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികള്‍ക്ക് വിളിച്ചാല്‍ ആളുകള്‍ക്ക് പോകേണ്ടിവരും. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പോയതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് ഭംഗിയായി പ്രകടിപ്പിക്കാമെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസ്സില്‍ പങ്കെടുത്ത ആരെക്കുറിച്ചെങ്കിലും തങ്ങള്‍ മോശമായി പറഞ്ഞോയെന്നും സതീശന്‍ ചോദിച്ചു. കെ-റെയില്‍ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.
സുധീരന്റെ പരസ്യ പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. താനുംകൂടി അഭിപ്രായം പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വിഷമമാകുമെന്നും സതീശന്‍ പറഞ്ഞു.
ജാതി സെന്‍സസിനു വേണ്ടി വാദിക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാകുമെന്നും എന്‍എസ്എസ് പ്രമേയത്തെ സംബന്ധിച്ച് സതീശന്‍ മറുപടി നല്‍കി.