റായ്പുര്‍: ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പില്‍ പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി വി.ഡി. സതീശൻ.അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. റായ്പുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന വി.ഡി സതീശന്‍.
രണ്ട് ലക്ഷത്തില്‍ താഴെയാണ് വരുമാനമെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും രണ്ട് വൃക്കകളും തകരാറിലാണെന്നും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ച അപേക്ഷയ്ക്കൊപ്പണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെയും ഡോക്ടറുടെയും സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ അത് മുഖ്യമന്ത്രിക്ക് ഫോര്‍വേഡ് ചെയ്യുകയെന്നതാണ് എം.എല്‍.എയുടെ പണിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലേക്ക് നല്‍കുന്ന അപേക്ഷ വില്ലേജ് ഓഫീസറും തഹസീല്‍ദാറും ഒന്നുകൂടി പരിശോധിച്ച ശേഷം കളക്ടറേറ്റിലേക്കും അവിടെ നിന്ന് റവന്യൂ വകുപ്പിലേക്കും അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നല്‍കും. എന്നെ ആക്ഷേപിക്കുന്നതിന് വേണ്ടി പാവപ്പെട്ട ഒരു രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ല. എം.വി ഗോവിന്ദനെ പോലുള്ള ഒരാള്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓര്‍ക്കാതെ ദേശാഭിമാനിയിലെ വാര്‍ത്ത വിളിച്ചുപറഞ്ഞത് മോശമായിപ്പോയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ട ശിപാര്‍ശകളിലും നടപടിയെടുത്തിട്ടുണ്ടെന്നും നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കില്‍ ആ തട്ടിപ്പില്‍ പ്രതിപക്ഷത്തിനും പങ്കുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.