തിരുവനന്തപുരം:‘എന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നു; ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാംതവണ പ്രവേശിപ്പിച്ചിരിക്കുകയാണ്’– ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ തൊണ്ടയിടറി സ്വന്തം അനുഭവം വിവരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്.’– സതീശൻ പറഞ്ഞു.
കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിമുക്ത ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതിനു പിടിഎയും നാട്ടുകാരും മുൻകയ്യെടുക്കണം. ലഹരി വിൽക്കുന്നവരും വിദ്യാർഥികളും ഇടപഴകാത്ത രീതിയിൽ സ്കൂളുകൾക്കു മതിലുകൾ നിർമിക്കണം. ഇതിനു വ്യാപാരിസമൂഹവും സഹകരിക്കണം. ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളിൽ അതിന്റെ ചുമതലക്കാർ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കണം. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്നു രക്ഷിക്കുകയെന്നതു ഭരണ, പ്രതിപക്ഷ ഭേദമുള്ള വിഷയമല്ലെന്ന മുഖവുരയോടെയാണു നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി നൽകിയത്.
ലഹരിക്കെതിരെ നടപടി കടുപ്പിക്കും; സ്ഥിരം കുറ്റവാളികൾക്ക് കരുതൽ തടങ്കൽ സ്കൂൾ പരിസരത്ത് ലഹരി വിൽക്കുന്നവർക്കെതിരെ ബാലനീതി നിയമം ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നു നോട്ടിസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു. എക്സൈസിനു ബാലനീതി നിയമം പ്രയോഗിക്കാൻ അധികാരം നൽകണമെന്നും അംഗബലം വർധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.