തിരുവനന്തപുരം: മലപ്പുറത്തു നിന്നു തിരുവനന്തപുരത്തക്കേ് വരുന്ന മന്ത്രി കെ.ടി ജലീലിന്റെ സുരക്ഷയ്ക്കായി വഴിനീളെ പോലീസുകാരെ നിയോഗിച്ചിരിക്കുകയാണെന്ന് പറഞ്ഞു കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോ വ്യാജം. ഞായറാഴ്ചയാണ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു ഫോട്ടോ ഷെയര്‍ ചെയ്തത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്രയില്‍ വഴിനിറയെ പോലീസുകാരെ കണ്ടെന്നും ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ വരുന്നതുപോലെയുള്ള പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും അന്വേഷിച്ചപ്പോഴാണ് കെ.ടി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നത് പ്രമാണിച്ച് ഒരുക്കിയ സുരക്ഷയാണെന്ന് മനസിലായതെന്നുമായിരുന്നു സതീശന്റെ പോസ്റ്റ്. എന്നാല്‍ സതീശന്‍ ഉപയോഗിച്ച ഫോട്ടോ ശബരിമലക്കാലത്തെ പ്രതിഷേധ സമരത്തിനിടെയുള്ളതായിരുന്നു.
പോലീസ് മതിലുകെട്ടി ജലീലിനെ കൊണ്ടുവരികയാണെന്നും അത്ര വിലപിടിപ്പുള്ള മൊതലാണ് വരുന്നതെന്നും പറഞ്ഞായിരുന്നു വി.ഡി സതീശന്റെ പോസ്റ്റ്. ഇതിനൊപ്പം റോഡ് സൈഡില്‍ സുരക്ഷയ്ക്കായി പോലീസുകാര്‍ നില്‍ക്കുന്ന ഒരു ഫോട്ടോയും സതീശന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഫോട്ടോയില്‍ ഉള്ള ഒരു പോലീസുകാരന്‍ പോലും മാസ്‌കോ ഗ്ലൗസോ ധരിച്ചിരുന്നില്ല. ഇതോടെയാണ് ഫോട്ടോയുടെ ആധികാരികത തേടി ചിലര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സതീശന്‍ ഉപയോഗിച്ച ഫോട്ടോ പഴയതാണെന്ന് തെളിയുന്നത്.
ശബരിമലയില്‍ 55 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് നിലയ്ക്കല്‍ അയ്യപ്പക്ഷേത്രത്തിന് മുന്‍പിലായി നിലയുറപ്പിച്ച പോലീസുകാരുടെ ഫോട്ടോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് അവരുടെ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ഫോട്ടോയാണ് ഇത്. ആ ചിത്രമാണ് ഇപ്പോള്‍ ജലീലിന്റെ സംരക്ഷണക്കായി സര്‍ക്കാര്‍ നിയോഗിച്ച പോലീസുകാര്‍ എന്ന വ്യജേന വി.ഡി സതീശന്‍ പങ്കുവെച്ചത്.
റെപ്രസന്റേഷണല്‍ ഇമേജ് നല്‍കാനായിരുന്നു ഉദ്ദേശമെന്ന സതീശന്റെ വാദവും നില്‍ക്കില്ലെന്നും എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ ഇത്രയും പോലീസുകാരെ കണ്ടെന്ന് പറഞ്ഞുള്ള ഒരു പോസ്റ്റില്‍ റെപ്രസന്റേഷണല്‍ ഇമേജ് വെക്കേണ്ട കാര്യമില്ലല്ലോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഗൂഗില്‍ സെര്‍ച്ച് ഫോട്ടോ ആണല്ലോ ഇതെന്നും ഇന്നത്തെ ഫോട്ടോ ഒന്നും കിട്ടിയില്ലെയെന്നും പോസ്റ്റിന് താഴെ ചിലര്‍ ചോദിക്കന്നുണ്ട്. ആദ്യം കെ.ടി ജലീലിന്റെ സുരക്ഷക്ക് മതില്‍ കെട്ടാന്‍ നില്‍ക്കുന്ന പോലീസ്‌കാര്‍ക്ക് മുഖത്ത്, കൊറോണ വരുന്നത് തടയാന്‍ ഉള്ള ഒരു തുണി എങ്കിലും കെട്ടിയിട്ട് ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് വേണ്ടേ സാറെ ഫോട്ടോ പോസ്റ്റാന്‍ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ ആണ് ഇതെന്നാണ് തോന്നുന്നത്. ആ പോലീസുകാരില്‍ ഒരാളും മാസ്‌ക് വെച്ചിട്ടില്ല മാത്രമല്ല ഇന്ന് മുഴുവന്‍ കേരളത്തില്‍ മഴയായിരുന്നു അതിലാരും നനഞ്ഞിട്ടുമില്ല, എന്നാണ് മറ്റൊരു പ്രതികരണം. തള്ളുമ്പോള്‍ ഒരു മയത്തില്‍ ഒക്കെ തള്ളണമെന്നും കൊറോണക്കാലത്ത് പൊലീസിന്റെ ഫോട്ടോ ഒക്കെ ഇങ്ങനെ ഇടുമ്പോള്‍ മുഖത്ത് മാസ്‌ക്ക് ഉണ്ടോ എന്നൊക്കെ നോക്കേണ്ടേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.