കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാറിന്റെ അജന്‍ഡയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും സതീശന്‍ കുറ്റപ്പെടുത്തി. വിവാദ വിഷയത്തിലെ ചര്‍ച്ചയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഉള്‍പ്പെടെ എല്ലാവരും പിന്‍മാറണം. ഭിന്നിപ്പുണ്ടാക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കരുത്. കുഴപ്പമുണ്ടാക്കാന്‍ മാത്രമാണ് ചിലരുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരു കടന്നുപോയെന്നാണ് കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ പറഞ്ഞത്. മതമേലധ്യക്ഷന്മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം.പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗഭേദമോ ഇല്ല. മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നതു വര്‍ണവിവേചനത്തിനു തുല്യമാണെന്നും സതീശന്‍ പറഞ്ഞു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത് വന്നിരിന്നു. അപ്രിയസത്യം പറയുന്നവരെ ഒരു വിഭാഗം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായിരിക്കുകയാണ്. കേരളത്തിലെ വ്യാപകമായ സ്വര്‍ണക്കടത്ത് നാര്‍ക്കോട്ടിക് ജിഹാദിന്റെ തെളിവാണെന്ന് ബിജെപി നേരത്തേ തന്നെ പറഞ്ഞതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലുറച്ച് നില്‍ക്കുകയാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ച് ദീപിക ദിനപത്രം. പാലാ ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് പത്രത്തിന്റെ മുഖപ്രസംഗവും.
‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പ് മാര്‍ ജസോഫ് കല്ലറങ്ങാട്ട് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മറ്റു മതങ്ങളോടുള്ള എതിര്‍പ്പുകൊണ്ടല്ല കല്ലറങ്ങാട് പറഞ്ഞതെന്നും മുഖപ്രസംഗം ന്യായീകരിക്കുന്നു.
പിണറായിക്കും വി ഡി സതീശനും പി ടി തോമസിനുമെതിരെ രൂക്ഷ വിമര്‍ശനവുമുണ്ട്. വിമര്‍ശിച്ചുവന്ന രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം വോട്ടുബാങ്കിലാണെന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്കും ഹിഡന്‍ അജണ്ടയുണ്ടെന്നാണ് ആരോപണം. മത സൗഹാര്‍ദ്ദത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരെന്നും മുഖപ്രസംഗം ചോദിക്കുന്നു.
കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പോലിസിന്റെ ജോലിയാണ്. ജസ്‌നയുടെ തിരോധാനത്തില്‍ എന്തുകൊണ്ട് പോലീസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും ദീപിക ചോദിക്കുന്നു. സഭയുടെ ആശങ്കയാണ് വിശ്വാസികളോട് പങ്കുവെച്ചത്, നിമിഷ, സോണിയ, മെറിന്‍ എന്നിവര്‍ ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യത്തിന് തെളിവാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മത സൗഹാര്‍ദം ക്രൈസ്തവ സമൂഹം എന്നും പിന്തുടരുന്നുണ്ടെന്നും തൊടുപുഴ കൈവെട്ടുകേസില്‍ സംയമനം പാലിച്ചത് അതുകോണ്ടാണെന്നുമാണ് വാദം. സിഎംഐ വൈദികന്റെ ലേഖനവും പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപവും എഡിറ്റ് പേജില്‍ നല്‍കിയിട്ടുണ്ട്.