കോട്ടയം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങളില്‍ സമവായ നീക്കത്തിന്റെ സൂചനകള്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തി കണ്ടു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് സതീശന്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുതിര്‍ന്ന നേതാക്കളെ എല്ലാവരെയും വീടുകളില്‍ പോയി കാണും. നേതാക്കളുടെ ആഗ്രഹങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിണക്കമുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ് മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വി.ഡി. സതീശന്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാര ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതം. പുനസംഘടനയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായി. അതില്‍ തനിക്ക് വേദനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.