കൊല്ലം: മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിത്ത് കൊലപ്പെടുത്തുന്നത്. പുസ്തകങ്ങളും സിനിമയും സൂരജിനെ അത്രമേല്‍ സ്വാധീനിച്ചു. കൊല്ലാനുറച്ച നിമിഷം സൂരജിന്റെ മനസില്‍ ഓടിയെത്തിയതും അതിലെ ഓരോ രംഗങ്ങളും. കൊലപാതക രീതി വിവരിച്ചപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി. വലിയ ഒരളവില്‍ വിഷപാമ്പില്‍ നിന്നുള്ള മരണങ്ങള്‍ ഉറക്കത്തില്‍ കിടക്കുമ്പോള്‍ ഉണ്ടാകാറുണ്ടെന്നാണ് പഠനം. ആ നിലയ്ക്കാണ് സൂരജ് കരുക്കള്‍ നീക്കിയത്.
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ഷെര്‍ലക്ഹോംസ് കഥകളിലെ ‘പുള്ളിത്തലക്കെട്ട്’ എന്ന പേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതകരീതിയാണ് സൂരജ് പരീക്ഷിച്ചത്. സഹോദരിയുടെ മരണത്തില്‍ നടത്തിയ അന്വേഷണമാണ് കഥയുടെ ഇതിവൃത്തം. വിവാഹത്തിന് പണം ചെലവഴിക്കാതിരിക്കാന്‍ രണ്ടാനച്ഛന്‍ മകളെ കൊല്ലുന്നു. അടുത്തുള്ള മുറിയില്‍നിന്ന് വെന്റിലേറ്ററിന്റെ വിടവിലൂടെ ഒരു നാടയില്‍ അണലിയെ പെണ്‍കുട്ടികള്‍ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു രണ്ടാനച്ഛനായ ഡോ.റെയ്ലോട്ടിന്റെ രീതി. ഹോംസിന്റെ ഇടപെടലിലൂടെ രണ്ടാമത്തെ പെണ്‍കുട്ടി പാമ്പുകടിയില്‍നിന്ന് രക്ഷപ്പെടുകയും രണ്ടാനച്ഛന്‍ പാമ്പിന്റെ കടിയേറ്റുമരിക്കുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.
35 കൊല്ലം മുമ്പ് ഐ.വി ശശി പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കരിമ്പിന്‍ പൂവിനക്കരെ എന്ന സിനിമയിലും സമാനരംഗമുണ്ട്. കരിമൂര്‍ഖനെ ഉപയോഗിച്ച് തന്റെ ജ്യേഷ്ഠന്റെ മരണത്തിന് പ്രതികാരം വീട്ടുന്നതായിരുന്നു കഥാതന്തു. 22ഫീമെയില്‍ കോട്ടയത്തില്‍ പ്രതാപ് പോത്തന്റെ കഥാപാത്രത്തെ കൊല്ലുന്ന രംഗവും സമാനരീതി പിന്തുടരുന്നതായിരുന്നു.
കാലിഫോര്‍ണിയില്‍ അവസാനമായി തൂക്കിലേറ്റപ്പെട്ട കുറ്റവാളി റോബര്‍ട്ട് എസ് ജെയിംസും സമാനമായ കേസിലാണ് പിടിയികുന്നത്. ഇന്‍ഷുറന്‍സ് തുകയ്ക്കായി പാമ്പ് പിടുത്തക്കാരനില്‍ നിന്നും നൂറു ഡോളറിന് വാടയ്ക്കെടുത്ത പാമ്പുകളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനായിരുന്നു ശിക്ഷ. ചൈനയില്‍ പതിമൂന്ന് ശംഖുവരയന്‍ പാമ്പുകളെ വാങ്ങി അതില്‍ നിന്നും വിഷം ശേഖരിച്ച് ഭാര്യയെ കുത്തിവച്ച് കൊന്നത് തെളിഞ്ഞത് ഓട്ടോപ്സി റിപ്പോര്‍ട്ട് പ്രകാരമുള്ള അന്വേഷണത്തില്‍ നിന്ന്.
2010ല്‍ നാഗ്പൂരില്‍ വൃദ്ധദമ്പതിമാരായ ഗണപത് റാവുവും പത്നി സരിത ബല്ലേവറും പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടു. തുടരന്വേഷണത്തില്‍ ഇത് ഒരു അപകടമരണമായിരുന്നില്ല മറിച്ചു സ്വത്ത് തട്ടി എടുക്കാന്‍ വേണ്ടി സ്വന്തം മകന്‍ തന്നെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്നും തെളിഞ്ഞു. ഈജ്പിതില്‍ 3 പെണ്‍കുഞ്ഞുങ്ങളെ പിതാവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയതും അന്നേ തലക്കെട്ടുകളില്‍ ഇടംപിടിച്ചു.
ഇന്ത്യയില്‍പാമ്പുകടി കാരണമുള്ള മരണങ്ങളില്‍അപൂര്‍വ്വമായി മാത്രേ മനഃപൂര്‍വ്വമായ വധശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. മറ്റ് രീതികളില്‍ കൊന്നിട്ടുള്ള കേസുകളില്‍ പാമ്പ് കടി ആരോപിക്കപ്പെട്ടിട്ടുമുണ്ട്. സൂരജിന് പ്രേരണായയതും ഇത്തരത്തിലുള്ള നിരവധി ഘടകങ്ങളാണ്.
ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷാവിധി അല്‍പസമയത്തിനുള്ളില്‍
കോടതി പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതി ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു നിര്‍വികാരനായി പ്രതിയുടെ മറുപടി.
2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്‌പിയെ സമീപിച്ചതോടെയാണ്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.