കൊല്ലം:ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിക്കുന്നതിൽ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നും സൂരജ് മൊഴി നൽകിയിരുന്നു. എന്നാൽ പുലർച്ചെ 3 നാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിവസമായിരുന്നു. സാധാരണ തലേ ദിവസം എത്താറുള്ള സൂരജ് ഒരു ദിവസം മുൻപേ ഉത്രയുടെ വീട്ടിലെത്തുകയായിരുന്നു.
രാത്രി എല്ലാവർക്കും കുടിക്കാനായി സൂരജ് ജ്യൂസ് ഉണ്ടാക്കി. തന്റെ പങ്ക് കൂടി ഉത്രയെ കൊണ്ട് കുടിപ്പിച്ചു. പാമ്പ് കടിയേൽക്കുന്നതിന് മുൻപ് തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഉറങ്ങാൻ കിടന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ആ രാത്രി മുഴുവൻ അയാൾ അതേ മുറിയിൽ കഴിഞ്ഞു. രാവിലെ എഴുന്നേൽക്കാതായപ്പോൾ രക്തസമ്മർദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേർന്ന് മകളെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ഛൻ വിജയസേനൻ പറഞ്ഞു.