അഞ്ചല്‍: പഴുതടച്ച് ഓരോ കുറ്റവും കൃത്യമായി തെളിയിച്ച് അന്വേഷണ സംഘവും പ്രോസിക്യൂഷനും. ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അഞ്ചല്‍ പോലീസ് അന്വേഷണം തുടരവേ മരുമകന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഉത്രയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അഞ്ചല്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലോക്കല്‍ പോലീസ് ഇത് ഗൗനിക്കാതെ വന്നതോടെ ഉത്രയുടെ സഹോദരന്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിയെ നേരില്‍ കണ്ടു പരാതി നല്‍കി.
ഉത്ര മരിച്ചു പന്ത്രണ്ടാം ദിനം മേയ് 19 നാണ് പരാതി നല്‍കുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പരാതിയില്‍ വസ്തുത ഉണ്ടെന്ന് മനസിലാക്കുകയും കേസ് തൊട്ടടുത്ത ദിവസം തന്നെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. കേസ് ഏറ്റെടുത്ത് മൂന്നാം നാള്‍ സൂരജ് പിടിയിലുമായി.
എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ് കൃത്യമായ തെളിവുകള്‍ ഇല്ലാതെ കോടതിയില്‍ എത്തിയാല്‍ കേസ് തള്ളിപ്പോയേക്കാം എന്ന ചിന്തയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ അന്വേഷകര്‍ നടത്തിയത് പഴുതടച്ച അന്വേഷണമായിരുന്നു. രാജ്യത്ത് സമാനമായ രണ്ട് കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അന്വേഷണത്തിലെ പിഴവ് പ്രതികള്‍ക്ക് അനുകൂലമായിരുന്നു.
ഇതിന്റെകൂടി അടിസ്ഥാനത്തില്‍ സൂരജിനെതിരേ ലഭിച്ച ഓരോ തെളിവും ഇഴകീറി പരിശോധിച്ച അന്വേഷണ സംഘം 87 സാക്ഷിമൊഴികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഉള്‍പ്പെടുന്ന കുറ്റപത്രം സൂരജിനെ അറസ്റ്റ് ചെയ്തു 82 -ാം ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. പുനലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വാഭാവിക ജാമ്യം ലഭിച്ചു പ്രതി പുറത്ത് ഇറങ്ങാതിരിക്കുന്നതിനു വേണ്ടിയാണ് 90 ദിവസത്തിന് മുമ്പു തന്നെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരെയടക്കം കോടതിയില്‍ എത്തിച്ച് സാക്ഷി വിസ്താരം നടത്തിയ പ്രോസിക്യൂഷന്‍ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത ചാരുകാവ് സ്വദേശി സുരേഷ് കുമാറിനെ മാപ്പ് സാക്ഷിയാക്കിയതും സൂരജ് എന്ന കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോടെതന്നെയായിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആയതിനാല്‍ ഈ മേഖലയിലെ വിദഗ്ധരുടെ സഹായം പലതവണ അന്വേഷണ സംഘവും പ്രോസിക്യൂഷനും തേടി.
ഉത്ര കൊലക്കേസില്‍ കുറ്റാന്വേഷണ മികവിന് അന്വേഷണ സംഘത്തിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം, സംസ്ഥാന അഭ്യന്തര വകുപ്പ് എന്നിവരുടെ പ്രശംസയും അനുമോദനങ്ങളും ലഭിച്ചിരുന്നു. മാത്രമല്ല രണ്ടായിരത്തോളം പേജ് വരുന്ന ഉത്ര കൊലക്കേസ് ഡയറി പുതിയ ഐപിഎസ് ബാച്ചില്‍ പഠന സിലബസുമാക്കി. രാജ്യത്തെയും സംസ്ഥാനത്തെയും നിയമ വിദഗ്ധര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്ര കൊലക്കേസിന്റെ ഓരോവേളയും കൃത്യമായി നിരീക്ഷിച്ചിരുന്നു. ഒടുവില്‍ പഴുതടച്ച അന്വേഷണത്തിന് പ്രതീക്ഷിച്ച വിജയംതന്നെ ലഭിച്ചതിന്റെ വലിയ ആത്മസംതൃപ്തിയിലാണ് ഉത്ര കൊലക്കേസിലെ അന്വേഷണ സംഘവും പ്രോസിക്യൂഷനും.