അഞ്ചല്‍: ഉത്ര വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്പോള്‍ ഒരുപാട് മാനസികസംഘര്‍ഷങ്ങളും ഭീഷണികളും നേരിടേണ്ടി വന്നെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. കേസിന്റെ വാദം നടക്കുമ്പോള്‍തന്നെ പ്രതികളുടെ ആള്‍ക്കാരില്‍നിന്നു സാക്ഷികള്‍ക്ക് ഭീഷണി നേരിടേണ്ടിവന്നു.
മൊഴികൊടുക്കാനെത്തിയ വാവാ സുരേഷിനെ കൊന്നുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തി. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഇനിയാര്‍ക്കും ഇതുപോലൊരു ദുരന്തമുണ്ടാകരുതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഉത്ര മരിക്കുകയും സൂരജ് കൊലക്കുറ്റത്തിന് ജയിലിലാവുകയും ചെയ്തതൊന്നും അറിയാതെ മകന്‍ രണ്ടര വയസുകാരന്‍ വീട്ടില്‍ കളിചിരിയില്‍ മുഴുകകയാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടുവയസ്സും അഞ്ചുമാസവും പ്രായമുള്ള ഈ കുഞ്ഞിന് ചുറ്റും നടക്കുന്ന സംഘര്‍ഷങ്ങളൊന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. അവനിപ്പോള്‍ ധ്രുവ് അല്ല, ആര്‍ജവാണ്. അച്ഛന്‍ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാര്‍ മാറ്റി ആര്‍ജവെന്നാക്കി. ആര്‍ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആര്‍ജവ് എന്ന പേരുനല്‍കിയതെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞു. ആര്‍ജവിന് ഒരു വയസ്സുള്ളപ്പോഴായിരുന്നു ഉത്ര മരിച്ചത്.
അതേസമയം, കേസിന്റെ വിധി വരുന്ന തിങ്കളാഴ്ച രാവിലെമുതല്‍ പ്രതി സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് ഇവിടെ താമസം. എങ്കിലും ഇവരാരും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അയല്‍പക്കക്കാര്‍ക്കും ഇവര്‍ എവിടെപ്പോയെന്ന് അറിവില്ലായിരുന്നു.
പ്രദേശവാസികളുമായി അടുപ്പത്തിലല്ല ഇവരുടെ കുടുംബം എന്നാണ് വിവരം. സൂരജിന്റെ അമ്മ വീട്ടിലുണ്ടെന്നും അച്ഛനും സഹോദരിയും കോടതിയില്‍ പോയിരിക്കാമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ സൂരജിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.