കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. സൂരജിന് പാമ്പിനെ എത്തിച്ചു നല്‍കിയത് കല്ലുവാതിക്കല്‍ സ്വദേശിയായ സുരേഷ് ആണെന്നാണ് വിവരം. ഓരോ പാമ്പുകള്‍ക്കും അയ്യായിരം വച്ച് രണ്ട് പാമ്പുകള്‍ക്കായി സൂരജ് പതിനായിരം രൂപ നല്‍കി. പാമ്പിനെവച്ചുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്.
അതേസമയം, സംഭവത്തില്‍ സൂരജ് കുറ്റം സമ്മതിച്ചു. സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായാണ് സൂചന. രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. സുരേഷാണ് പാമ്പിനെ അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിച്ചത്. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്പ് പിടുത്തക്കാരെ സമീപിച്ച് മറ്റൊരു പാമ്പിനെ വാങ്ങി. ആറാം തീയതി രാത്രി മൂര്‍ഖന്‍ പാമ്പിനെ കുപ്പിയില്‍ നിന്ന് തുറന്നുവിട്ട് വീണ്ടും കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രാവിലെ വീട്ടുകാരെ ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും പാമ്പിനെ തല്ലിക്കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണ് വിവരം.
മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ (25) കഴിഞ്ഞ ദിവസമാണ് കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.