‘ഇറാന്റെ കപ്പൽ മുക്കിയത് ഞങ്ങൾത്തന്നെ’; വീഡിയോ പുറത്തുവിട്ട് യുഎസ്; 80 മരണം, അന്വേഷണം തുടങ്ങി ശ്രീലങ്ക

‘ഇറാന്റെ കപ്പൽ മുക്കിയത് ഞങ്ങൾത്തന്നെ’; വീഡിയോ പുറത്തുവിട്ട് യുഎസ്; 80 മരണം സ്ഥിരീകരിച്ച് ശ്രീലങ്ക

വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ആക്രമിച്ച് മുക്കിയത് തങ്ങളുടെ മുങ്ങിക്കപ്പലാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.

പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേഥ് ആണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക നടപടി സ്ഥിരീകരിച്ചത്. ടോർപ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പൽ തകർത്തത്. രാജ്യാന്തര സമുദ്രത്തിൽ വെച്ചാണ് കപ്പൽ തകർത്തതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിൽ- അന്താരാഷ്ട്ര ജലാശയങ്ങളിൽ സുരക്ഷിതമെന്ന് കരുതിയ ഇറാന്‍റെ യുദ്ധക്കപ്പലിനെ അമേരിക്കയുടെ അന്തർവാഹിനി ടോർപ്പിഡോ മുക്കിക്കളഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ശത്രുവിന്റെ കപ്പലിനെ ടോർപ്പിഡോ മുക്കുന്നത് ഇതാദ്യ സംഭവമാണ്. നമ്മൾ വിജയിക്കാൻ പോരാടുകയാണ്, പീറ്റർ ഹേഗ്സേഥ് പറഞ്ഞു. നിശ്ശബ്ദ മരണമെന്നാണ് ഹേഗ്സേഥ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

ഇറാന്റെ യുദ്ധക്കപ്പലിനേർക്കുള്ള അമേരിക്കയുടെ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News