ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യർഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനായാണിത്.
കോവിഡ് വാക്സിൻ വിതരണത്തിൽ കാലതാമസമുണ്ടായതിനെ തുടർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് യുകെ ആസ്ഥാനമായ ആസ്ട്രസെനക്ക നോട്ടീസ് അയച്ചിരുന്നു. കാലതാമസത്തിന് കാരണം അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കാണെന്ന് പൂനവാല വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിനോട് അഭ്യർഥനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ വാക്സിൻ ക്ഷാമം നേരിടുന്ന റിപ്പോർട്ടുകൾ സമീപ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പും യുഎസും അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് രാജ്യത്തെ വാക്സിൻ ഉല്പാദനത്തെ ബാധിച്ചതായി പൂനവാല ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
‘ഇന്ത്യയിലെയും ലോകത്തെയും വിവിധ ഭാഗങ്ങളിലെയും വാക്സിൻ നിർമാതാക്കൾക്ക് ആവശ്യമായ നിർണായക അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയാണ് നിങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യുഎസിൽ നേരിട്ട് പോയി പ്രതിഷേധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഇവ ഞങ്ങൾക്ക് ഇപ്പോൾ വേണ്ടതാണ്. ആറുമാസമോ, ഒരുവർഷമോ കഴിഞ്ഞ് വേണ്ടതല്ല, കാരണം അപ്പോഴേക്കും മറ്റുവിതരണക്കാരെ ഏർപ്പാടാക്കാൻ ഞങ്ങൾക്ക് കഴിയും.’ പൂനവാല പറഞ്ഞു.
ആസ്ട്രസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഉപയോഗത്തിന് പുറമേ വിദേശ രാജ്യങ്ങളിലേക്കും വാക്സിൻ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരുമാസം 6-6.5 കോടി കോവിഷീൽഡ് വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്നത്. 2021 ജൂൺ മാസമാകുന്നതോടെ ഇത് 10-11 കോടിയായി ഉയർത്തതാനാണ് ലക്ഷ്യം.