ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനുള്ള ആനുപാതികമായ മറുപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; ഗൾഫ് മേഖല വീണ്ടും ആശങ്കയിൽ

ടെഹ്‌റാന്‍: ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎന്നിലെ ഇറാന്‍ അംബാസഡറും പ്രത്യാശ പ്രകടിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും അവതാളത്തിലാക്കിക്കൊണ്ട് മേഖല വീണ്ടും യുദ്ധഭീതിയില്‍. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് പകരമായി ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തി. അമേരിക്കയുടെ പ്രകോപനപരമായ ഈ കടന്നുകയറ്റത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കും.

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നേവിയുടെയും സെന്‍ട്രല്‍ കമാന്‍ഡിന്റെയും ഭാഗമായ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ സൈന്യം വെടിവെച്ചിട്ടതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് അടിയന്തിര കാരണമായത്. അന്താരാഷ്ട്ര വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്ററിന് നേരെ ഇറാന്‍ യാതൊരു പ്രകോപനവുമില്ലാതെ മിസൈല്‍ തൊടുക്കുകയായിരുന്നുവെന്നാണ് പെന്റഗണ്‍ ആരോപിക്കുന്നത്.

ഇതിനുള്ള കൃത്യവും ‘ആനുപാതികവുമായ’ മറുപടിയാണ് ഇറാന്‍ മണ്ണില്‍ തങ്ങള്‍ നല്‍കിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (ഇഋചഠഇഛങ) ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാന്റെ തീരദേശ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും റഡാര്‍ സംവിധാനങ്ങളുമാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരം. ബോംബാക്രമണത്തേക്കാള്‍ ഉപരോധമാണ് ഫലപ്രദമെന്ന് മുന്‍പ് പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്, തങ്ങളുടെ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കടുത്ത സൈനിക നടപടിക്ക് അനുമതി നല്‍കേണ്ടി വരികയായിരുന്നു.

മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ യുഎസ് സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍-അമേരിക്ക യുദ്ധസാഹചര്യം ആഗോള എണ്ണവിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ പുതിയ സൈനിക നീക്കം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത സൈനിക കൗണ്‍സില്‍ അടിയന്തിര യോഗം ചേര്‍ന്നു. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ യുഎസ് ഹെലികോപ്റ്ററാണ് തങ്ങള്‍ തകര്‍ത്തതെന്നാണ് ഇറാന്റെ വാദം. അമേരിക്കന്‍ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവികള്‍ വ്യക്തമാക്കി.

ഇറാന്റെ സമുദ്ര-വ്യോമ അതിര്‍ത്തികള്‍ക്ക് സമീപവും ഹോര്‍മുസ് കടലിടുക്കിലും നിലയുറപ്പിച്ചിട്ടുള്ള എല്ലാ വിദേശ സൈനിക കപ്പലുകള്‍ക്കും സേനകള്‍ക്കും ഇറാന്‍ കടുത്ത ഭാഷയില്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഏതൊരു വിദേശ നീക്കമുണ്ടായാലും ഇനിയൊരു മുന്നറിയിപ്പില്ലാതെ തകര്‍ക്കുമെന്നാണ് ഇറാന്റെ താക്കീത്. ഇതോടെ ലോകത്തെ പ്രമുഖ ഇന്ധന വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലാണ്.

ഇറാന്‍ അതിര്‍ത്തിക്ക് സമീപമുള്ള വിദേശ സേനകള്‍ക്ക് മുന്നറിയിപ്പ്. സൈനിക സേനകളുടെ സാന്നിധ്യം അവര്‍ക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാല്‍ അപകടത്തില്‍ പെട്ടേക്കാമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവര്‍ ഇവിടെ നിന്നും പിന്‍വാങ്ങുക എന്നതാണ്. ഞങ്ങള്‍ നയതന്ത്ര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നത്, എന്നാല്‍ മറ്റ് ഭാഷകളും ഞങ്ങള്‍ക്ക് വഴങ്ങുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി.

അതേസമയം, ഇറാനുമായി മുന്‍പത്തേക്കാള്‍ മികച്ച ധാരണ ഉടനെയുണ്ടാകുമെന്ന് അമേരിക്കന്‍പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനും ഇസ്രയേലും വെടിനിര്‍ത്തിയതിനാല്‍ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു. ഇറാനും ഇസ്രയേലും വെടിനിര്‍ത്തിയതിനാല്‍ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു. ഇന്നലെ വൈകിയും ഇറാനില്‍ മാരകമായ ആക്രമണത്തിന് ഇസ്രയേല്‍ വ്യോമസേന ഒരുങ്ങിയിരുന്നു. രാഷ്ട്രീയ തീരുമാനത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ഇറാനിലെ ആക്രമണവുമായി മുന്നോട്ടു പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷെ പിന്നീടങ്ങോട്ടും ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടു പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും അപ്രതീക്ഷിതമായാണ് ഇസ്രയേലിനുള്ള തിരിച്ചടി അവസാനിച്ചതായി പ്രഖ്യാപിച്ചത്.

പാക്കിസ്താന്റെ മധ്യസ്ഥതയില്‍ യുഎസും ഇറാനും തമ്മില്‍ ജൂണ്‍ അവസാനത്തോടെ ഒപ്പുവെക്കാനിരുന്ന സമാധാന കരാറിനെ ഇപ്പോഴത്തെ നീക്കങ്ങള്‍ ബാധിക്കുമോ എന്ന് കണ്ടറിയണം. ഇരുപക്ഷവും താല്‍ക്കാലികമായി ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങിവരുമോ അതോ പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News