വാഷിങ്ടൺ: റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണം. റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ അകാരണമായി പീഡിപ്പിക്കുന്നതായി വിവരമുണ്ട്. ഇനി സ്ഥിതി ഗുരുതരമായേക്കാം. എല്ലാവരെയും സഹായിക്കാൻ റഷ്യയിലെ അമേരിക്കൻ എംബസിക്ക് പരിമിതിയുണ്ട്. അതിനാൽ ഇപ്പോൾത്തന്നെ റഷ്യ വിടണമെന്ന് പൗരന്മാർക്കുള്ള മുന്നറിയിപ്പിൽ അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. റഷ്യയിലെ സാഹചര്യം ഏതു നിമിഷവും മാറാമെന്നും ഇപ്പോൾത്തന്നെ യാത്രാ മാർഗങ്ങൾ പരിമിതമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. നേരത്തെ കാനഡയും പൗരന്മാരോട് റഷ്യ വിടാൻ നിർദേശിച്ചിരുന്നു.
റഷ്യയ്ക്ക് (Russia) എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്ലാദിമിർ പുടിൻ (Vladimir putin). യുക്രൈനുമേൽ (Ukraine) നാറ്റോ (Nato) വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ (Putin) പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മോസ്കോയിലെത്തി പുട്ടിനുമായി ചർച്ച നടത്തി.
വോയിസ് യുക്രൈന്റെ ആകാശം നോ ഫ്‌ളൈ സോൺ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ചുന്നയിക്കുകയാണ് പ്രസിഡന്റ് വ്ലാദിമിർ സീലൻസ്കി. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ആവശ്യം ആദ്യമേ തള്ളിയിരുന്നു. യുക്രൈന്റെ വ്യോമ
മേഖല നോ ഫ്‌ളൈ സോൺ ആക്കിയാൽ അവിടേക്ക് വിമാനങ്ങൾ കടന്നാൽ വെടി വെച്ച് വീഴ്ത്തുക എന്നത് അടക്കം കർശന നടപടികൾ വേണ്ടി വരും. സ്വാഭാവികമായും യുക്രൈന്റെ വ്യോമ സംരക്ഷണ ചുമതല നാറ്റോ ഏറ്റെടുക്കേണ്ടി വരും.
അങ്ങനെ വന്നാൽ അത് റഷ്യ – നാറ്റോ യുദ്ധമായി മാറും എന്നത് ഉറപ്പ്. അതുകൊണ്ടാണ് യുക്രൈന്റെ ആവശ്യം യൂറോപ്പും അമേരിക്കയും ഒരേപോലെ തള്ളുന്നത്. നോ ഫ്ലൈ സോൺ പ്രഖ്യാപനത്തെ ഏതു രാജ്യം പിന്തുണച്ചാലും അത് യുദ്ധപ്രഖ്യാപനമായി കാണുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾക്കുപോലും യുദ്ധത്തിന്റെ സ്വഭാവം ഉണ്ടെന്നും പുടിൻ പറയുന്നു . അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ് നാടകീയമായി റഷ്യയിൽ എത്തി. മൂന്ന് മണിക്കൂർ പുട്ടിനുമായി ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൂടി നിർദേശപ്രകാരമായിരുന്നു ഈ ചർച്ച. ജർമനി , ഫ്രാൻസ് രാജ്യങ്ങളുടെ തലവന്മാരുമായും ഇസ്രായേൽ പ്രധാനമന്ത്രി സംസാരിച്ചു. റഷ്യയുമായി നല്ല ബന്ധമുള്ള ഇസ്രായേലിന് പ്രശ്ന പരിഹാരം ഉണ്ടാക്കാൻ പലതും ചെയ്യാനാകുമെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു. അമേരിക്കയും റഷ്യയും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി വ്ലാദിമിർ പുട്ടിന്റെ വക്താവുതന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.