താത്കാലിക സംരക്ഷണ പദവിയുള്ളവരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം; പച്ചക്കൊടി കാട്ടി യു.എസ്. സുപ്രീം കോടതി, പ്രവാസികൾ ആശങ്കയിൽ

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും- ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ താല്‍ക്കാലിക സംരക്ഷണ പദവിയില്‍ കഴിയുന്ന ഹൈതി, സിറിയന്‍ വംശജരെ ഒഴുവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് യു.എസ്. സുപ്രീം കോടതിയുടെ പച്ചക്കൊടി. ജൂണ്‍ അവസാന വാരം വന്ന സുപ്രീം കോടതി വിധി അമേരിക്കയിലെ പ്രവാസി സമൂഹത്തില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ തീരുമാനം രാജ്യം നിലവില്‍ നേരിടുന്ന കെയര്‍ഗിവര്‍മാരുടെ ക്ഷാമം വരുംദിവസങ്ങളില്‍ അതിരൂക്ഷമാക്കുമെന്നാണ് സാമ്പത്തിക-സാമൂഹിക രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വേഗതയേറിയ വാര്‍ദ്ധക്യവര്‍ദ്ധനവിനാണ് അമേരിക്ക ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍, അതായത് 2030-ഓടെ അമേരിക്കന്‍ ജനസംഖ്യയുടെ 20 ശതമാനത്തിലധികം ആളുകള്‍ 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരായി മാറും. എന്നാല്‍, പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി അവരെ പരിചരിക്കാനുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടാകാത്തത് രാജ്യത്തെ വയോജന പരിചരണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അമേരിക്കയിലെ ആകെ തൊഴിലാളികളില്‍ ആറില്‍ ഒരാള്‍ വീതം പ്രവാസികളാണ്. എന്നാല്‍ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കണക്കെടുത്താല്‍ അതില്‍ 30 ശതമാനവും വിദേശികളാണെന്ന് കാണാം. കുറഞ്ഞത് 163 രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരും സഹായികളുമാണ് ഇവിടുത്തെ ആശുപത്രികളിലും കെയര്‍ ഹോമുകളിലും വീടുകളിലും സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ വയോജന പരിചരണ രംഗത്തെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ‘ലീഡിംഗ് ഏജ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഹൈതിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മാത്രം ഈ തൊഴില്‍മേഖലയുടെ ഏഴ് ശതമാനത്തോളം വരും.

വിദേശത്തുനിന്നുള്ള ജീവനക്കാരുടെ സേവനം അമേരിക്കന്‍ വയോജന പരിചരണ മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ലീഡിംഗ് ഏജ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ലിസ സാന്‍ഡേഴ്സ് വ്യക്തമാക്കുന്നു. പ്രായമായവരും അവരുടെ കുടുംബങ്ങളും പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ഈ ജീവനക്കാരെയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെങ്കില്‍ ഈ മേഖലയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹൈതിക്കാരുടെ താല്‍ക്കാലിക സംരക്ഷണ പദവി നീട്ടുന്നതിനുള്ള ബില്‍ യു.എസ്. ജനപ്രതിനിധി സഭ ഏപ്രിലില്‍ പാസാക്കിയെങ്കിലും സെനറ്റ് ഇതില്‍ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

ഹൈതിക്കാരുടെ താല്‍ക്കാലിക പദവി റദ്ദാക്കുന്നത് വയോജന പരിചരണ രംഗത്തെ പ്രതിസന്ധി ഇരട്ടിയാക്കുമെന്ന് ഡെലവെയറില്‍ ലൈസന്‍സുള്ള നഴ്സായി ജോലി ചെയ്യുന്ന ഹൈതിന്‍-അമേരിക്കന്‍ പൗരന്‍ നിക്സണ്‍ പിയറി-ലൂയിസ് പറയുന്നു. പദവി കാലാവധി കഴിയുന്നതോടെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നഷ്ടപ്പെടും. ഇത് കെയര്‍ ഹോമുകളില്‍ പെട്ടെന്ന് ജീവനക്കാരുടെ കുറവുണ്ടാക്കുകയും കൃത്യമായ പരിചരണം ലഭിക്കാതെ പ്രായമായവര്‍ ദുരിതത്തിലാകാന്‍ കാരണമാകുകയും ചെയ്യും. ഭക്ഷണം നല്‍കല്‍, കുളിപ്പിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഈ സഹായികളെ ആശ്രയിക്കുന്ന വയോധികര്‍ക്ക് ഇത് രോഗബാധകള്‍ ഉണ്ടാകാന്‍ വരെ കാരണമായേക്കാം.

നിലവിലുള്ള ജീവനക്കാര്‍ പെട്ടെന്ന് ജോലി അവസാനിപ്പിച്ചു പോകേണ്ടി വരുമ്പോള്‍, അത് ബാക്കിയുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കും. ഇത് കെയര്‍ ഹോമുകളിലെയും ഹോം ഹെല്‍ത്ത് ഏജന്‍സികളിലെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും. ഒരു പുതിയ ജീവനക്കാരനെ കണ്ടെത്തുക, അവര്‍ക്ക് പരിശീലനം നല്‍കുക, അവരെ ജോലിയില്‍ നിലനിര്‍ത്തുക എന്നത് നിലവിലെ സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന കാര്യമാണ്. ദക്ഷിണ ഫ്ലോറിഡ, മസാച്ചുസെറ്റ്സ്, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കെയര്‍ ഹോമുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

തൊഴില്‍പരമായ വെല്ലുവിളികള്‍ നേരിടുന്ന ഈ മേഖലയ്ക്ക് പരിചയസമ്പന്നരായ തൊഴിലാളികളെ നഷ്ടപ്പെടുന്നത് വലിയൊരു തിരിച്ചടിയാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ കാരണം കഠിനാധ്വാനികളും വിശ്വസ്തരുമായ ജീവനക്കാര്‍ക്ക് ജോലി ഉപേക്ഷിച്ചു പോകേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ലിസ സാന്‍ഡേഴ്സ് നിരീക്ഷിക്കുന്നു. യു.എസിലെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ക്കിടയിലും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെങ്കിലും, ഈ മേഖലയിലെ തൊഴിലാളികളുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്.

മെഡിക്കെയര്‍, മെഡിക്കെയ്ഡ് തുടങ്ങിയ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ നിന്നുള്ള ഫണ്ടിനെ ആശ്രയിച്ചാണ് ഇത്തരം കെയര്‍ ഹോമുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ പോലും സേവന നിരക്കുകള്‍ സ്വന്തം നിലയ്ക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഒരു ഹോട്ടലുടമയ്ക്ക് സാധനങ്ങളുടെ വില കൂടുമ്പോള്‍ ഭക്ഷണത്തിന് വില കൂട്ടാന്‍ സാധിക്കുന്നത് പോലെ കെയര്‍ ഹോമുകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ലിസ ചൂണ്ടിക്കാണിക്കുന്നു. ഇത് മറ്റ് റീറ്റെയ്ല്‍, റെസ്റ്റോറന്റ് മേഖലകളുമായി ശമ്പള കാര്യത്തില്‍ മത്സരിക്കുന്നതിന് ഇവര്‍ക്ക് തടസ്സമാകുന്നു. ഈ മേഖലയില്‍ ജോലിക്ക് കയറുന്നവരില്‍ 70 മുതല്‍ 80 ശതമാനം വരെ ആളുകള്‍ മൂന്ന് മാസത്തിനകം ജോലി ഉപേക്ഷിച്ചു പോകുന്നതും വലിയ വെല്ലുവിളിയാണ്.

നിലവിലെ ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന ഈ മേഖലയ്ക്ക് തുടര്‍ച്ചയായ ആഘാതങ്ങളാണ് നല്‍കുന്നത്. ദശാബ്ദങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന പല ഹൈതിന്‍ വംശജരും തങ്ങളുടെ വീട്ടുവാടകയും മറ്റ് വായ്പകളും എങ്ങനെ അടയ്ക്കുമെന്നതിനെക്കുറിച്ചും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും കടുത്ത ആശങ്കയിലാണ്. അമേരിക്കക്കാര്‍ ചെയ്യാന്‍ മടിക്കുന്ന കഠിനമായ ജോലികളാണ് കുടിയേറ്റക്കാര്‍ ചെയ്യുന്നതെന്ന് പ്യൂ റിസര്‍ച്ച് സര്‍വേകളും വ്യക്തമാക്കുന്നുണ്ട്.

മാനസിക അസ്വാസ്ഥ്യമുള്ള രോഗികളില്‍ നിന്നും ചിലപ്പോള്‍ അധിക്ഷേപങ്ങളും ശാരീരികമായ അക്രമങ്ങളും വരെ നേരിടേണ്ടി വരുന്ന അതീവ കഠിനമായ ജോലിയാണിത്. എങ്കിലും മനുഷ്യത്വപരമായ പരിഗണന നല്‍കിയാണ് ഇവര്‍ ഈ ജോലി ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപും ജെ.ഡി. വാന്‍സും ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ കുടുംബങ്ങള്‍ പോലും കുടിയേറ്റ പാരമ്പര്യമുള്ളവരായിരിക്കെ, എന്തിനാണ് തങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്നാണ് പ്രവാസി സമൂഹം ചോദിക്കുന്നത്. തങ്ങള്‍ ഈ രാജ്യത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായാണ് സംഭാവന നല്‍കുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

English Summary

The US Supreme Court has given the green light to the Trump administration’s efforts to end the Temporary Protected Status (TPS) for immigrants from Haiti and Syria. The Supreme Court ruling, which came out in the last week of June, has sparked intense anxiety among the expatriate community in the United States. Economic and social experts warn that this decision will severely worsen the country’s ongoing shortage of caregivers in the coming days. The removal of these immigrants, who constitute a major portion of the healthcare and elderly care sectors, is expected to deliver a significant blow to the US economy and social infrastructure.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News