ന്യൂഡൽഹി: ഇറാനിന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ കുറിച്ചും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐആർജിസി) ഉയർന്ന ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. പത്ത് മില്ല്യൺ ഡോളർ (92.47 കോടി രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം വഴിയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിച്ച് നടപ്പാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വിവിധ ഘടകങ്ങളെ നയിക്കുന്ന വ്യക്തികളാണിത്. ഇവരെ കുറിച്ചോ മറ്റ് ഐആർജിസി നേതാക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണമെന്നും നിങ്ങൾക്ക് തക്കതായ പ്രതിഫലം ഞങ്ങൾ നൽകുമെന്നുമാണ് റിവാർഡ്‌സ് ഫോർ ജസ്റ്റിസിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
എക്‌സിൽ പങ്കുവെച്ചിട്ടുള്ള പോസ്റ്റിൽ ഇറാനിന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി, പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, ഇറാനിയൻ സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചിത്രങ്ങൾ ലഭ്യമായിട്ടില്ലാത്ത ചില നേതാക്കളുടെ പേരുകളും വിവരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെയാണ് ഈ പാരിതോഷിക പ്രഖ്യാപനം.
വരും ദിവസങ്ങളിൽ ഇറാനെതിരേ വളരെ ശക്തമായ സൈനിക ആക്രമണങ്ങൾ അമേരിക്ക നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. അടുത്ത ആഴ്ച ഞങ്ങൾ വളരെ ശക്തമായ ആക്രമണമാണ് ഇറാനിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ഇറാനിലെ നേതൃത്വത്തെ അവിടെ ജനങ്ങൾ തന്നെ താഴെയിറക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അറിയിച്ചിരുന്നു.
The US State Department has announced a reward of up to $10 million (approx. ₹92.47 crore) for information leading to the identification or location of Iran’s new Supreme Leader, Mojtaba Khamenei, and other high-ranking officials of the Islamic Revolutionary Guard Corps (IRGC).


