ഇറാനിലേക്ക് ആയുധം നൽകരുത്: പുടിനും ഷീ ജിൻപിംഗിനും ട്രംപിന്റെ മുന്നറിയിപ്പ്

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും- ട്രംപ്

ന്യൂയോർക്ക്: ഇറാനുമായുള്ള ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് റഷ്യക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ലംഘിച്ചാൽ അത് അവർക്ക് ദോഷംചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ട്രംപ് ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്.

ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നത് ഈ രണ്ട് രാജ്യങ്ങൾക്കും ദോഷകരമാകുമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ റഷ്യയോ ചൈനയോ ഇറാനെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്.

യുഎസിനെതിരായ യുദ്ധത്തിൽ ഇറാനെ ആയുധം നൽകി സഹായിക്കില്ല എന്ന് ഇരുനേതാക്കളും നൽകിയ ഉറപ്പ് താൻ വിശ്വസിക്കുന്നതായി ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു. ‘ഇറാന്റെ കാര്യത്തിൽ പലപ്പോഴും ആളുകൾ സംസാരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങൾ, എന്റെ അഭിപ്രായത്തിൽ, ഇതിൽ പങ്കാളികളല്ല. അക്കാര്യം അവർ എനിക്ക് വാക്കുനൽകിയിട്ടുള്ളതാണ്. ഇനി, അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് അവക്ക് ദോഷമുണ്ടാക്കും’, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

മെയ് മാസത്തിൽ ബെയ്ജിങ്ങിൽവെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഒരു സാഹചര്യത്തിലും ഇറാന് ആയുധം നൽകില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ തന്നോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. ‘ഞങ്ങളുടെ ബന്ധം പരിഗണിക്കുമ്പോൾ, അദ്ദേഹത്തിന്റെ വാക്ക് ഞാൻ വിശ്വസിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനുമായി യുദ്ധം തുടരുന്ന സാഹചര്യമാണെങ്കിൽപോലും പുതിനും സമാനമായ വാഗ്ദാനം നൽകിയിട്ടുള്ളതായി ട്രംപ് പറഞ്ഞു.

‘ഈ യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ പ്രസിഡന്റ് ഷീ പങ്കുചേരില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് പുതിനും അതേ കാര്യം തന്നെയാണ് പറഞ്ഞത്. എനിക്ക് അവരെ വിശ്വാസമാണ്. അവർ എന്നെ നിരാശപ്പെടുത്തും എന്ന് ഞാൻ കരുതുന്നില്ല.’ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News