ബ്രിക്സ് കൂട്ടായ്മ അമേരിക്കയെ ദ്രോഹിക്കാൻ,ഇന്ത്യയടക്കം അംഗങ്ങൾക്കെല്ലാം 10% അധികതീരുവ; ഭീഷണി ആവര്‍ത്തിച്ച്‌ ട്രംപ്

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ബ്രിക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അധികതീരുവ ചുമത്തുമെന്നുമുള്ള ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സ് അമേരിക്കയെ ദ്രോഹിക്കാനായി ഉണ്ടാക്കപ്പെട്ട കൂട്ടായ്മയാണെന്നും അവരുടെ തീരുമാനങ്ങള്‍ക്ക് അതേ നാണയത്തില്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്നും ചൊവ്വാഴ്ച വൈറ്റ്‌ഹൗസ്സില്‍ മാധ്യമങ്ങളെ കാണവേ ട്രംപ് പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും വിധം ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്‌സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കുമേലും അധികതീരുവ ചുമത്തും എന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചത്.

ബ്രിക്‌സ് കൂട്ടായ്മയെ പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് ഭീഷണിയായാണ് കാണുന്നതെന്നും യുഎസിനെ സംരക്ഷിക്കുന്നതിനായി അദ്ദേഹം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണി ബാധകമാണ് എന്നതാണ് ട്രംപിന്റെ പ്രസ്താവനയില്‍നിന്നും വ്യക്തമാകുന്നത്.

‘ബ്രിക്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനി ഏതു രാജ്യമായാലും, 10% അധിക തീരുവ ഒടുക്കേണ്ടിവരും. കാരണം, ബ്രിക്‌സ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് തന്നെ ഞങ്ങളെ (അമേരിക്കയെ) ദ്രോഹിക്കാന്‍ വേണ്ടിയാണ്. ഡോളറിനെ ഒഴിവാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ സാരമില്ല, അവര്‍ അങ്ങനെയൊരു കളി കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ആ കളി കളിക്കാന്‍ എനിക്കും അറിയാം,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഡോളറിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ തല്‍സ്ഥാനത്തേക്ക് മറ്റൊരു രാജ്യത്തിന് വരാന്‍ സാധിക്കൂ. ബുദ്ധിമാനായ ഒരു പ്രസിഡന്റാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കില്ല. മറിച്ച്, കഴിഞ്ഞ തവണത്തെപ്പോലെ ഒരു മണ്ടനാണ് നിങ്ങളുടെ പ്രസിഡന്റെങ്കില്‍ ഉറപ്പായും ഡോളറിന്റെ സ്ഥാനം നഷ്ടപ്പെട്ടേനെ. അങ്ങനെ സംഭവിച്ചാല്‍ അത് ലോകമഹായുദ്ധത്തില്‍ തോല്‍ക്കുന്നതിന് തുല്യമാണ്. അത് സംഭവിക്കാന്‍ നാം ഒരിക്കലും അനുവദിച്ചുകൂടാ,’ ട്രംപ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News