ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് അമേരിക്ക; 5000 നാവികരെ അയക്കാൻ നീക്കം, ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനും ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യംവെക്കാനും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 5000 ത്തോളം നാവികസേനാംഗങ്ങളെ മിഡിൽ ഈസ്റ്റിലേക്ക് അയയ്ക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. ഇതുവഴി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുമാണ് യുഎസ് പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ഇന്ധന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കും ജലശുദ്ധീകരണ ശാലകൾക്കും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയതിന് പിന്നാലെയായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.

ഇതോടെ യുദ്ധഭീതി മാത്രമല്ല ആഗോളതലത്തിൽ എണ്ണവിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച ഈ സൈനിക നീക്കം കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ബാധിച്ചുകൊണ്ട് ഒരു പ്രാദേശിക യുദ്ധമായി പടരുകയാണ്.

പശ്ചിമേഷ്യയിലെ നിർണായക സമുദ്രപാതയായ ഹോർമുസിന്റെ മേൽക്കോയ്മയ്ക്കായി വൻശക്തികൾ നടത്തുന്ന പോരാട്ടം ലോക സമ്പദ്വ്യവസ്ഥയെ തന്നെ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നയതന്ത്ര പരിഹാരങ്ങൾ ഇപ്പോഴും കൃത്യമായി നടക്കാത്ത സാഹചര്യത്തിൽ, വരും ആഴ്ചകളിൽ മേഖലയിൽ കൂടുതൽ ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായേക്കാമെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.

ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനും ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചും യുഎസ് 4,500 അമേരിക്കൻ നാവികസേനാംഗങ്ങളെയും മറൈനുകളെയും മേഖലയിലേക്ക് അയച്ചിട്ടുള്ളതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഇൻഫൻട്രി ബറ്റാലിയൻ ലാൻഡിംഗ് ടീം, ഹെലികോപ്റ്ററുകൾ, F35 യുദ്ധവിമാനങ്ങൾ, കവചിത ലാൻഡിംഗ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

കൂടാതെ, പേർഷ്യൻ ഗൾഫിലെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി സാൻ ഡീഗോയിൽ നിന്നുള്ള 11-ാമത് മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിന്റെ വിന്യാസവും പെന്റഗൺ വേഗത്തിലാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ സൈനിക വിന്യാസം ഒരു വ്യക്തമായ പ്രവർത്തന ലക്ഷ്യത്തോടെയുള്ളതാണെന്ന് യുദ്ധസംവിധാനങ്ങളിൽ പരിചയമുള്ള ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പദ്ധതിയെന്ന്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഉദ്യോഗസ്ഥൻ പറയുന്നു. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ടെഹ്റാന്റെ എണ്ണ വരുമാനം ഗണ്യമായി കുറയ്ക്കാനും സംഘർഷത്തിൽ അമേരിക്കയ്ക്ക് മേധാവിത്വം നൽകാനും സഹായിക്കും. കൂടാതെ, കപ്പൽ പാതകൾ തുറന്നിരിക്കുകയാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്താനും ഇതിലൂടെ സാധിക്കും.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇറാന്റെ നടപടികൾ ഈ ജലപാതയിൽ ഭാഗികമായ ഉപരോധം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെയും മേഖലയിലുള്ള സഖ്യകക്ഷികളുടെയും എല്ലാ ഊർജ്ജ സ്രോതസ്സുകളും, വിവരസാങ്കേതിക വിദ്യയും, ശുദ്ധജല പ്ലാന്റുകളും (Desalination plants) ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഖാരി പറഞ്ഞു. മേഖലയിലെ പല രാജ്യങ്ങളും ഇത്തരം പ്ലാന്റുകളെയാണ് കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്

ബഹ്റൈനിലും ഖത്തറിലും കുടിവെള്ളത്തിന്റെ 100 ശതമാനവും ഇത്തരം പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. യു.എ.ഇ.യിൽ ഇത് 80 ശതമാനത്തിലധികമാണ്. സൗദി അറേബ്യയിൽ കുടിവെള്ളത്തിന്റെ പകുതിയോളം (50%) ഇത്തരം പ്ലാന്റുകളിൽ നിന്നാണ് വരുന്നത്.

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ സംഘർഷം അതീവ ഗുരുതരമായിരിക്കുകയാണ്. എന്നാൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന നിലപാടിലാണ് ഇറാൻ. ഇറാന്റെ ആണവായുധ നിർമാണത്തിന് തടയുക എന്നതും ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Reports indicate that the United States is preparing to secure the Strait of Hormuz and target Iran’s oil export hubs. The US plans to deploy approximately 5,000 naval personnel to the Middle East to take control of the strait and potentially seize Iran’s primary oil export center, Kharg Island. This strategic military buildup aims to counter Iranian influence and ensure the safety of global oil trade routes amid rising regional tensions.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News