വാഷിങ്ടൺ: 24 ദിവസമായിത്തുടരുന്ന ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ സൈനിക മേധാവി അസിം മുനീറും തമ്മിൽ ഈ വിഷയത്തിൽ സംസാരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് . എന്നാൽ, വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
മേഖലയിലെ സമാധാനത്തിനായി നയതന്ത്രനീക്കങ്ങൾ തുടരുകയാണെന്നും എന്നാൽ, അന്തിമ തീരുമാനമാകാതെ മാധ്യമവാർത്തകളെ വിശ്വസിക്കരുതെന്നും യുഎസ് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളിൽനിന്ന് പെട്ടെന്ന് നിഗമനങ്ങളിൽ എത്തരുതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇത്തരം ചർച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സ്ഥിരീകരിച്ച വിവരങ്ങളായി കാണരുതെന്നും കരോളിൻ ലീവിറ്റ് പറഞ്ഞു. അതേസമയം, സംഘർഷം ഇല്ലാതാക്കാൻ തങ്ങൾ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിട്ടുണ്ട്.
ഇത്തരം ചർച്ചകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും, മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങളിൽ യുഎസ് ചർച്ചനടത്തില്ലെന്നും ലീവിറ്റ് വ്യക്തമാക്കി. അതേസമയം, ഡൊണാൾഡ് ട്രംപും അസിം മുനീറും തമ്മിൽ സംസാരിച്ചുവെന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്‌പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റോയിറ്റേഴ്‌സിന്റെ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ചതന്നെ ചർച്ചകൾ നടന്നേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ചില സുഹൃത് രാജ്യങ്ങളിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതിനകം രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ സമാധാനത്തിനായി പാകിസ്ഥാൻ, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്.
News Summary: Reports suggest a potential high-level meeting in Islamabad between representatives of the U.S.-Israel alliance and Iran to end the 24-day-long conflict. International media indicates that U.S. President Donald Trump and Pakistan Army Chief Asim Munir have discussed the matter, a conversation later confirmed by the White House. While Pakistan Prime Minister Shehbaz Sharif affirmed their active role in de-escalation, White House Press Secretary Karoline Leavitt urged caution, stating that no official confirmation of a meeting exists yet. She emphasized that diplomatic efforts are ongoing and advised against relying on unverified media speculation regarding sensitive, classified negotiations.


