വാഷിങ്ടൺ: കാനേഡിയൻ അതിർത്തിലെ ഹൂറോൻ തടാകത്തിന് മുകളിലൂടെ പറന്ന ‘അജ്ഞാത വസ്തുവിനെ’ യുഎസ് എഫ് 22 ഫൈറ്റർ ജെറ്റ് വിമാനം വെടിവച്ചിട്ടു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞദിവസം അലാസ്കൻ ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവെച്ചിട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. ചെറിയ സിലിണ്ടർ ആകൃതിയുള്ളതായിരുന്നു പേടകം. കാനഡ-യു.എസ്. അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പേടകം പതിച്ചത്.
പേടകത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരൂഹതയുണർത്തി പേടകങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പേടകത്തെ വെടിവെച്ചിടാൻ താൻ ഉത്തരവിട്ടെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചുകൊണ്ട് 40,000 അടി ഉയരത്തിലാണ് പേടകം പറന്നത്. ഇത് കാനഡയുടെ വ്യോമപാതയിൽ സുരക്ഷാഭീഷണിയുണ്ടാക്കിയെന്ന് കനേഡിയൻ പ്രതിരോധമന്ത്രി അനിതാ ആനന്ദ് വ്യക്തമാക്കി.
ജനുവരി 30-ന് കാനഡയുടെ വ്യോമമേഖലയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയിരുന്നു. ഫെബ്രുവരി നാലിന് ഇതിനെ യുഎസ് സൈന്യം വെടിവെച്ചിടുകയായിരുന്നു, കഴിഞ്ഞദിവസം അലാസ്കൻ ആകാശത്തും അജ്ഞാത വസ്തുവിനെ കണ്ടെത്തിയിരുന്നു.
ഇതിനെയും വടിവെച്ചിട്ടതിന് പിന്നാലെയാണ് കാനേഡിയൻ അതിർത്തിയിലും അജ്ഞാത പേടകം കണ്ടെത്തിയത്. ചാരബലൂൺ വിഷയത്തിൽ ചൈനയും യു.എസും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. ഇതിനിടയിലാണ് അഞ്ജാക പേടകങ്ങൾ ആകാശത്ത് കാണപ്പെടുന്നത്.
അതേസമം ചൈനയുടെ തുറമുഖ നഗരമായ ക്വിംഗ്‌ഡാവോയ്ക്ക് സമീപത്ത് അജ്ഞാത പേടകത്തെ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനെ വെടിവെച്ചിടാൻ ചൈന ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധപ്പെട്ട അധികാരികൾ അഞ്ജാത വസ്തുവിനെ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സമുദ്ര വികസന അതോറിറ്റിയിലെ ഒരു ജീവനക്കാരൻ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.