വാഷിംഗ്ടൺ: ഇറാന് എതിരായ സൈനിക നീക്കത്തിന്റെ ആദ്യ 24 മണിക്കൂറിലെ വിശദാംശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ടു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈലുകളുമാണ് അമേരിക്ക വിന്യസിച്ചത്. ആക്രമണത്തിനായി യുഎസ് പ്രയോഗിച്ച ആയുധങ്ങൾ ഇവയൊക്കെയാണ്.
ഇറാനെതിരെ രണ്ടാം തവണയും തങ്ങളുടെ തന്ത്രപ്രധാനമായ ബി-2 സ്റ്റെൽത്ത് ബോംബറുകൾ യുഎസ് ഉപയോഗിച്ചു എന്നുള്ള വിവരങ്ങൾ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. അമേരിക്കയിൽ നിന്ന് നേരിട്ട് പറന്നെത്തിയ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഇറാന്റെ അതീവ സുരക്ഷയുള്ള ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളിൽ 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ വർഷിച്ചു. ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് ഭൂമിക്കടിയിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള ‘ബങ്കർ-ബസ്റ്റർ’ ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്.
ബി-2 ബോംബറുകൾക്ക് പുറമെ എഫ്-35, എഫ്-22, എഫ്-18, എഫ്-16, എ-10 യുദ്ധവിമാനങ്ങൾ, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനികൾ, ഡിസ്‌ട്രോയറുകൾ, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, താഡ് (THAAD) ആന്റി-ബാലിസ്റ്റിക് മിസൈലുകൾ എന്നിവയും അമേരിക്ക രംഗത്തിറക്കിയിട്ടുണ്ട്. ഇതാദ്യമായി യുഎസ് ചെലവുകുറഞ്ഞ ഡ്രോണുകളായ ലൂകാസ് പ്രയോഗിച്ചു. ഫയർ ആൻഡ് ഫൊർഗെറ്റ് വിഭാഗത്തിൽ പെട്ട ഇത്തരം ഡ്രോണുകൾ കൂട്ട ആക്രമണത്തിനായി ഉപയോഗിക്കുന്നവയാണ്. എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്‌ഫോടകവസ്തുക്കൾ വഹിച്ചുകൊണ്ട് ഇവ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകരാറിലാക്കാനായി ഇഎ -18ജി എന്ന ഇലക്ട്രോണിക് അറ്റാക് വിമാനം, വ്യോമാക്രമണങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള അവാക്‌സ് വിമാനം, യുദ്ധവിമാനങ്ങളുമായുള്ളടെ ആശയവിനിമയം കാര്യക്ഷമമാക്കാൻ ആളില്ലാ വിമാനങ്ങളിൽ ഘടിപ്പിച്ച എയർബോൺ കമ്മ്യൂണിക്കേഷൻ റിലേ സംവിധാനം, സമുദ്ര നിരീക്ഷണത്തിനായി പി-8 മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, ഇറാനിൽ നിരീക്ഷണം നടത്താനായി ആർസി-135 എന്ന ചാര വിമാനം, എംക്യു-9 റീപ്പർ എന്ന ആളില്ലാ യുദ്ധവിമാനം, എം-142 റോക്കറ്റ് സംവിധാനം എന്നിവയുപയോഗിച്ചാണ് ഇറാനെതിരെ യുഎസ് വ്യോമാക്രമണം ശക്തമാക്കിയത്.
ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റെവല്യൂഷണറി ഗാർഡ് (IRGC) ആസ്ഥാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, ഇറാാനിയൻ നാവിക കപ്പലുകൾ, അന്തർവാഹിനികൾ, സൈനിക ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിലവിൽ ആക്രമണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
The U.S. Central Command (CENTCOM) has released details regarding the first 24 hours of ‘Operation Epic Fury,’ a military strike against Iran. The operation involved the deployment of advanced fighter jets, warships, and precision missiles to target strategic locations.


