ഇറാനിൽ വീണ്ടും യുഎസ് ആക്രമണം, പ്രധാന നഗരങ്ങളിൽ സ്‌ഫോടനം

ടെഹ്‌റാൻ/ വാഷിങ്ടൺ: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ടാമത്തെ രാത്രിയും ശക്തമായ ആക്രമണം നടത്തി അമേരിക്കൻ സേന. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കു നീക്കങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. വ്യാഴാഴ്ച രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഈ നീക്കം.

ലവാൻ ഐലൻഡ്, ചബഹാർ, സിരിക് ഐലൻഡ്, സിരിക്, പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നും ഇതൊരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പാക്കാനും ഇറാനെ നിലയ്ക്കുനിർത്താനും ഈ സൈനിക നീക്കം അത്യാവശ്യമാണെന്നാണ് യുഎസിന്റെ അവകാശവാദം.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കും ജീവനക്കാർക്കും നേരെ ഇറാൻ നടത്തിയ അന്യായമായ പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും അവർ അറിയിച്ചു.

അതേസമയം ഇറാനുമായുള്ള ഈ സംഘർഷം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി ഒരു പൂർണ്ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഗൾഫിലെ അമേരിക്കയുടെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യുഎസ് സേനയുടെ ഇപ്പോഴത്തെ ആക്രമണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News