കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് നടി ഉര്‍വശി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.
എന്നെ കുറിച്ച് ഒരു കുറ്റം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാൻ ആയിരിക്കണം ഞാൻ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത. അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല
ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാൻ ആണെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം ഉര്‍വശി പ്രതികരിച്ചു.
സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ അതിവേഗത്തില്‍ വേണം. സ്റ്റാര്‍ നൈറ്റ് മാത്രം നടത്താനുള്ളതല്ല അമ്മ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സർക്കാർ അല്ല അമ്മയാണ് ആദ്യം നിലപാടു എടുക്കേണ്ടതെന്നും ഉര്‍വശി പറഞ്ഞു.
ഇത് ഗൗരവമേറിയ സംഭവമാണ്. സംഘടന ഇതിനായി ഇറങ്ങണം. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക. അമ്മയിലെ ആയുഷ്കാല മെമ്പര്‍ എന്ന നിലയില്‍ സംഘടന ഇടപെടണം. ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അങ്ങനെയെ അദ്ദേഹത്തിന് പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണമെന്നും ഉര്‍വശി പ്രതികരിച്ചു.