ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ ജിൻഡാൽ. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചന്ദൻ.
മസ്തിഷ്കാഘാതത്തെത്തുടർന്നാണ് (Ischemia Stroke) ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാൽത്തന്നെ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. നില വഷളായതോടെ പ്രാദേശിക സമയം ഉച്ചയോടെ ചന്ദന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ ഖാർകീവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡർ കൊല്ലപ്പെട്ടിരുന്നു. കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ ഖാർകീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ട് സമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം നടന്നത്. പ്രദേശത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപ്പേരാണ്.
ആദ്യം നവീന്‍റെ സുഹൃത്തുക്കളാണ് വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നീട് വിദേശകാര്യമന്ത്രാലയം വിവരം സ്ഥിരീകരിച്ച് നവീന്‍റെ കുടുംബത്തെ അറിയിച്ചു. സുഹൃത്തുക്കളും ഏജന്‍റും ചേർന്നാണ് കൊല്ലപ്പെട്ടത് നവീൻ തന്നെയെന്ന് തിരിച്ചറിഞ്ഞത്.
എന്നാൽ നവീന്‍റെ മൃതദേഹം എപ്പോൾ തിരികെയെത്തിക്കുമെന്ന കാര്യത്തിൽ ഇതുവരെ വിദേശകാര്യമന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കും ഒരു സ്ഥിരീകരണവും നൽകാനായിട്ടില്ല. ഖാർകീവിലെ ഒരു ആശുപത്രിയിലുള്ള മോർച്ചറിയിലാണ് നവീന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സാഹചര്യം അനുകൂലമായാൽ മാത്രമേ മൃതദേഹം കൊണ്ടുവരാനാകൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് മൃതദേഹം എത്തിക്കാമെന്ന് കർണാടക മുഖ്യമന്ത്രി അടക്കം ഉറപ്പ് നൽകിയെങ്കിലും ആർക്കും എപ്പോൾ മൃതദേഹമെത്തിക്കാനാകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.
കര്‍ണാടക ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ കുടുംബം വിദേശത്ത് പഠനത്തിനയച്ചത്. മകന്‍ ഡോക്ടറായി മടങ്ങിവരുന്നത് സ്വപ്നം കണ്ട് തീരും മുമ്പാണ് ആ പ്രതീക്ഷയത്രയും വിഫലമാക്കി നവീന്‍റെ മരണം.
ഖാർകീവ് വിടാൻ മുന്നറിയിപ്പ്
അതേസമയം, നവീൻ കൊല്ലപ്പെട്ട ഖാർകീവ് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണം രൂക്ഷമാണ്. എത്രയും പെട്ടെന്ന് ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഖാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.
പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറയുന്നത്. വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. ഖാർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഖാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറയുന്നു.
അയ്യായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികൾ മാത്രം ഖാർകീവിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർക്കാർക്കും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. നിലവിൽ എന്ത് ചെയ്യണമെന്ന് വ്യക്തതയില്ലാത്തതിനാൽ വിദ്യാർത്ഥികൾ പലരും പടിഞ്ഞാറൻ യുക്രൈനിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണ്. പലരും ബങ്കറുകളിലാണ് കഴിയുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണി കിടക്കുകയാണ് പലരും എന്ന് വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കുന്നു.
നേരത്തേ കീവിൽ നിന്ന് ഒഴിഞ്ഞുപോകാൻ എല്ലാ ഇന്ത്യക്കാരോടും എംബസി നിർദേശം നൽകിയിരുന്നു. ഇനി കീവ് നഗരത്തിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. കീവിലേക്ക് വൻസൈനികവ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ യുദ്ധടാങ്കറുകൾ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാനനഗരമായ ഖാർകീവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തം. ഈ സാഹചര്യത്തിലാണ് ഉടനടി ഖാർകീവ് വിടാൻ എംബസി മുന്നറിയിപ്പ് നൽകുന്നത്.