ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്ക്കറിനെയും ബി.എസ്.പിയുടെ പ്രമുഖ നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയെയും മോശം പരാമര്‍ശം നടത്തി അര്‍ബന്‍ ഡിക്ഷ്നറി വിവാദത്തതില്‍. അമേരിക്ക അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ കമ്പനി അംബേദ്ക്കര്‍ക്കും മായാവതിക്കും തങ്ങളുടെ ഡിക്ഷ്നറിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തിന് ട്വിറ്ററില്‍ അനേകരാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
മായാവതിയെ പോണ്‍സ്റ്റാര്‍ എന്നും അംബേദ്ക്കറിനെ ബ്രിട്ടീഷുകാരുടെ പാദസേവകന്‍ എന്നും നല്‍കിയിരിക്കുന്ന വിശദീകരണമാണ് ഇന്ത്യാക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. തീരെ മോശമായിട്ടുള്ള വിവരണമാണ് അംബേദ്ക്കറിന് നല്‍കിയിരിക്കുന്നത്.
യുഡിയിലെ തിരയലില്‍ അംബേദ്ക്കര്‍ എന്ന് കൊടുക്കുമ്പോള്‍ ”നന്നായി വിദ്യാഭ്യാസം ചെയ്ത അറിവിനെ വില്‍പ്പനച്ചരക്ക് ആക്കിയയാള്‍ എന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം. മറ്റൊന്ന് ‘ചോറ് ഇന്ത്യയിലും കൂറ് ബ്രിട്ടീഷുകാരോടും കാട്ടിയയാള്‍’ എന്നാണ്. മറ്റൊന്ന് ‘മഹാനെന്ന് വിളിക്കുന്ന ഹീനമായ പ്രവര്‍ത്തി ചെയ്യുന്നയാള്‍’ എന്ന് വേറൊരു വിശദീകരണവും ഡിക്ഷ്നറിയില്‍ നല്‍കിയിട്ടുണ്ട്.
മായാവതിയെയും അങ്ങേയറ്റം മോശമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്. മായാവതി എന്ന് തെരഞ്ഞാല്‍ കിട്ടുന്നത് അവിവാഹിതയായ നീലച്ചിത്രനടി എന്നാണ്. മറ്റൊന്ന് അധികാരത്തിന് വേണ്ടി എന്തിനും തയ്യാറാകുന്നവള്‍ എന്നും മുലയാംസിംഗിന്റെ മുന്‍ കാമുകിയും കാന്‍ഷിറാമിന്റെ രഹസ്യഭാര്യ എന്നുമെല്ലാമാണ് വിശദീകരണം. ഇവ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. കമ്പനിക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി എത്തിയവര്‍ ആവശ്യപ്പെട്ടത്. ചിലര്‍ കമ്പനിയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തു കഴിഞ്ഞു.
‘സാധാരണക്കാരന്റെ ഡിക്ഷണറി’ എന്നറിയപ്പെടുന്ന അര്‍ബന്‍ ഡിക്ഷണറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. അംബേദ്ക്കറെയും മായാവതിയെയും അപമാനിക്കാന്‍ മനപ്പൂര്‍വ്വം ചെയ്തിരിക്കുന്നതാണെന്നും വ്യക്തി പരമായി അധിക്ഷേപിക്കുന്നതാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ആളുകള്‍ക്കിടയിയില്‍ പ്രചാരത്തിലുള്ള വാക്കുകളുടേയും ശൈലികളുടേയും പുതിയ അര്‍ത്ഥമാണ് അര്‍ബന്‍ ഡിക്ഷണറി നല്‍കാറുള്ളത്.