കൊച്ചി:യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) സേവനം ഉപയോഗിക്കാത്ത ആളുകൾ തന്നെ ഇപ്പോൾ കുറവായിരിക്കും. പേഴ്സിൽ പണം കൊണ്ടുനടക്കുന്ന ശീലം തന്നെ നമ്മൾ ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ എപ്പോഴെങ്കിലുമൊക്കെ യുപിഐ ആപ്പുകൾ പണി തന്ന അനുഭവം നിങ്ങൾക്കും ഉണ്ടായിരിക്കും. സാധനങ്ങൾ വാങ്ങിയോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചോ പുറത്തിറങ്ങിയ ശേഷം യുപിഐ ആപ്പ് വഴി പണം അയക്കാൻ ശ്രമിക്കുമ്പോൾ പേയ്മെന്റ് ഫെയിൽഡ് ആയാൽ എന്ത് ചെയ്യും?. ഇത്തരം അവസങ്ങളിൽ എങ്ങനെ പേയ്മെന്റ് പൂർത്തിയാക്കാം എന്നാണ് നമ്മളിന്ന് നോക്കുന്നത്.
യുപിഐ പേയ്‌മെന്റ് ലിമിറ്റ് പരിശോധിക്കുക
മിക്ക ബാങ്കുകളും പേയ്‌മെന്റ് ഗേറ്റ്‌വേകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എത്രത്തോളം പണം അയക്കാം എന്നതിന് പരിധികൾ വച്ചിട്ടുണ്ട്. എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു യുപിഐ ഇടപാടിലൂടെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക 1 ലക്ഷം രൂപയാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു ദിവസം ഈ ലിമിറ്റ് വരെയുള്ള തുക അയച്ചിട്ടുണ്ട് എങ്കിൽ ആ ദിവസം യുപിഐ പേയ്മെന്റുകൾ നടത്താതിരിക്കുന്നതാണ് നല്ലത്. ഏകദേശം 10 യുപിഐ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും അടുത്ത പേയ്മെന്റിനായി 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും.
ഒന്നിലധികം അക്കൌണ്ടുകൾ ഉപയോഗിക്കാം
യുപിഐ ഫെയിൽ ആവുകയോ പേയ്‌മെന്റുകൾ നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് പലപ്പോഴും ബാങ്ക് സെർവറിലെ തിരക്കുകൾ മൂലമാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലായാൽ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.
പണം നൽകുന്ന ആളുടെ യുപിഐ വിവരങ്ങൾ
പണം അയക്കുമ്പോൾ അത് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പരിശോധിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പണം അയയ്‌ക്കുമ്പോൾ അയയ്‌ക്കുന്നയാൾ തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ നൽകിയിട്ടുണ്ട് എങ്കിൽ ഉപയോക്താവിന്റെ ട്രാൻസാക്ഷൻ തന്നെ ഫെയിൽ ആകും. അതുകൊണ്ട് ഏതൊരാൾക്ക് പണം അയക്കുമ്പോഴും അയാളുടെ യുപിഐ, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൃത്യമായി പരിശോധിക്കുക.
യുപിഐ പിൻ തെറ്റിക്കരുത്
ഫോൺ, എടിഎം പിൻ, ഇമെയിലുകൾ എന്നിങ്ങനെ പല കാര്യങ്ങളുടെയും പാസ്വേഡുകൾ ഓർത്തുവയ്ക്കുന്നവരാണ് നമ്മളെല്ലാം. അതുകൊണ്ട് തന്നെ നിങ്ങളുടെ യുപിഐ പിൻ മറക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ യുപിഐ പിൻ നിങ്ങൾ മറന്നുപോയിട്ടുണ്ട് എങ്കിൽ “ഫേർഗെറ്റ് യുപിഐ പിൻ” എന്ന ഓപ്ഷനിൽ ടാപ്പുചെയ്‌ത് സീക്രറ്റ് പിൻ റീസെറ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാം. നിങ്ങളുടെ പിൻ ഇടയ്ക്കിടെ മറക്കുന്നുണ്ട് എങ്കിൽ സുരക്ഷിതമായ എവിടെയെങ്കിലും അത് എഴുതിവയ്ക്കാവുന്നതാണ്. മറ്റാരുമായും യുപിഐ പിൻ ഷെയർ ചെയ്യാതിരിക്കാൻ ശ്രമിക്കുക.
ഇന്റർനെറ്റ് കണക്ഷൻ
യുപിഐ പേയ്‌മെന്റുകൾ ഫെയിൽ ആകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ പ്രശ്നങ്ങൾ. നിങ്ങളുടെ ഫോണിൽ കൃത്യമായ സിഗ്നലും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇല്ലെങ്കിൽ പേയ്മെന്റ് നടത്താൻ സാധിക്കില്ല. അതുകൊണ്ട് നെറ്റ്വർക്ക് കൃത്യമായിട്ടുള്ള സ്ഥലങ്ങളിൽ തന്നെ നിന്ന് വേണം പേയ്മെന്റ് നടത്താൻ. നെറ്റ്വർക്ക് ഇല്ലെങ്കിൽ നിങ്ങൾക്ക് കടക്കാരനോടോ അടുത്തുള്ള മറ്റുള്ളവരോടെ ഹോട്ട്സപോട്ട് ഓൺ ചെയ്ത് വാങ്ങാവുന്നതാണ്.
യുപിഐ ലൈറ്റ് ഉപയോഗിക്കാം
സ്ലോ ബാങ്ക് സെർവറുകളും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും യുപിഐ പേയ്‌മെന്റ് പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കളെ സഹായിക്കുന്നതിനായി എൻപിസിഐ കഴിഞ്ഞ വർഷം യുപിഐ ലൈറ്റ് അവതരിപ്പിച്ചിരുന്നു. യുപിഐ ലൈറ്റിലൂടെ നിങ്ങൾക്ക് 200 രൂപ വരെ ഇൻസ്റ്റന്റ് ആയി പേയ്‌മെന്റുകൾ അയക്കാം. ദിവസത്തിൽ രണ്ടുതവണ 2,000 രൂപ വീതം മാത്രമായി 4,000 രൂപ വരെയെ ലൈറ്റ് ആപ്പിലൂടെ അയക്കാൻ സാധിക്കുകയുള്ളു.