ലക്നൗ ∙ ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കകം ദലിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി രാജിവച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയാണ്. മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദയും യോഗിയുമായി അത്ര രസത്തിലല്ലെന്നാണു വിവരം. നിലവിൽ ഡൽഹിയിലുള്ള അദ്ദേഹം, ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതായി സൂചനയുണ്ട്.
100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തിൽ ക്രമക്കേടുണ്ടെന്നും കത്തിൽ പറയുന്നു.
‘‘ദലിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല. മന്ത്രി എന്ന നിലയിൽ അധികാരമില്ല. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല. എന്റെ വകുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത് ദലിത് സമൂഹത്തെ അപമാനിക്കലാണ്’’– കത്തിൽ പറയുന്നു. രാജി പിൻവലിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, തന്റെ ടീമിലെ ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തതാണ് പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയുടെ അതൃപ്തിക്ക് കാരണം. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപാണ് ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. പൊതുമരാമത്ത് വകുപ്പിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
വകുപ്പുതല സ്ഥലം മാറ്റങ്ങളിലെ ഗുരുതരമായ ക്രമക്കേടുകളുടെ പേരിൽ അഞ്ച് മുതിർന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച യുപി സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. സ്ഥലംമാറ്റത്തിനായി കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ജിതിൻ പ്രസാദയുമായി അടുപ്പമുള്ള ഓഫിസർ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽകുമാർ പാണ്ഡെയും ഉൾപ്പെടുന്നു.