നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58) ആണ് മരിച്ചത്. ഭാര്യ സംഗീത ഭട്ട് (57), മകൻ നന്ദൻ (25) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ഉച്ചയ്ക്ക് ഭാര്യയെയും മകനെയും കൂട്ടി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായാണ് രാംരാജ് പുറത്തുപോയത്. ഭക്ഷണശേഷം തിരികെവരുമ്പോൾ പെട്ടെന്ന് രാംരാജ് കാർ റോഡിൽനിർത്തിയശേഷം എല്ലാവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. സംഗീതയും നന്ദനും ഉടനെ ഡോർ തുറന്നു പുറത്തുചാടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു.
രാംരാജ് ഡ്രൈവർ സീറ്റിൽ ഇരുന്നുതന്നെ വെന്ത് മരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നുള്ള രാംരാജിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കാറിനുള്ളിൽ പ്ലാസ്റ്റിക് ബാഗിൽനിന്നാണ് കുറിപ്പ് കണ്ടെടുത്തത്.