ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.
നിയമം സെക്കുലറല്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്‌റ്റേചെയ്തിരുന്നു.
മദ്രസകളുടെ പ്രവർത്തനത്തിന് മേൽനോട്ടംവഹിക്കാൻ ബോർഡുകളെ ശക്തിപ്പെടുത്താനാണ് 2004-ൽ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമംകൊണ്ടുവന്നത്. അറബി, ഉറുദു, പേർഷ്യൻ, ഇസ്‌ലാമികപഠനം, തത്ത്വശാസ്ത്രം, ബോർഡ് പറയുന്ന മറ്റുവിഷയങ്ങൾ എന്നിവയെ മദ്രസാ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയുംചെയ്തു.
എന്നാൽ, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. ഭരണഘടനയിലെ തുല്യത, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, വിദ്യാഭ്യാസ അവകാശം എന്നിവയ്ക്കും യു.ജി.സി. നിയമത്തിനുമെതിരാണ് യു.പി. സർക്കാരിന്റെ നിയമമെന്ന് ഹൈക്കോടതി പറഞ്ഞു.