ലക്‌നൗ: ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്കായി പ്രിയങ്ക ഗാന്ധി വാഗ്‌ദാനം ചെയ്ത ബസുകളെ ചൊല്ലി തർക്കം. കോൺഗ്രസ് നൽകിയ പട്ടികയിലെ 1,000 ബസുകളുടെ രജിസ്ട്രേഷൻ നമ്പരുകളിൽ കൂടുതലും ബൈക്കുകളുടെയും ഓട്ടോകളുടെയും ചരക്കുവണ്ടികളുടേതുമാണെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. തൊഴിലാളികളോട് പ്രിയങ്കയ്ക്കും രാഹുലിനും യാതൊരു ദയയുമില്ലെന്നും അവർ തൊഴിലാളി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുകയാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 1,000 ബസുകൾ നൽകാമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാഗ്‌ദാനം. ഇതു സ്വീകരിച്ച യുപി സർക്കാർ പുതിയ ഉപാധികൾ മുന്നോട്ടുവച്ചു. എല്ലാ ബസുകളും അവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സും സഹിതം ഇന്നലെ രാവിലെ 10 മണിക്ക് ലക്‌നൗവിലെത്തിക്കാൻ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് രാത്രി കത്തയച്ചു
രാത്രി 11.40 നാണ് ഇ-മെയിൽ കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിങ്ങാണ് വ്യക്തമാക്കി.തൊഴിലാളികളെ സഹായിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും സർക്കാരിന്റെ നടപടികൾ മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്നായിരുന്നു കോൺഗ്രസ് നൽകിയ മറുപടി. ലക്‌നൗ വരെ കാലിയായ ബസുകൾ ഓടിക്കുന്നതിന്റെ ആവശ്യകത എന്തെന്നും കോൺഗ്രസ് ചോദിച്ചിരുന്നു.
വീടുകളിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കൂട്ടംകൂടിയതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പ്രിയങ്ക ഗാന്ധി വാഗ്‌ദാനവുമായി എത്തിയത്. ഒരു ദിവസം കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ വാഗ്‌ദാനം യുപി സർക്കാർ അംഗീകരിച്ചത്.