ലക്നൌ: ഉത്തര്‍പ്രദേശില്‍ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. യുപിയിലെ ത്സാൻസിയിലാണ് അപകടമുണ്ടായത് .ആറ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വാഹന അപകടത്തിലും ഒരാള്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരിക്ക് പറ്റി. ആള്‍ക്കൂട്ടത്തിലേക്ക് എസ്‍യുവി പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്. പ്രകോപിതരായ ജനക്കൂട്ടം അപകടമുണ്ടാക്കിയ വാഹനം കത്തിച്ചു. സംഭവത്തില്‍ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു
അതേസമയം കര്‍ഷക സമരം നടക്കുന്ന ദില്ലി അതിര്‍ത്തിയിലെ സിംഗുവിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി സിഖ് നിഹാങ്കുകളുടെ ക്രൂരത. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. നിഹാങ്കുകൾക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും കര്‍ഷക നേതാക്കൾ ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഹരിയാന പൊലീസ് അറിയിച്ചു
കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡിൽ പ്രദര്‍ശനത്തിനെന്നോണം കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. സിഖ് മതഗ്രന്ഥം നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷയാണ് നൽകിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ സിഖ് നിഹാങ്കുകൾ പറയുന്നുണ്ട്. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.
കൈവെട്ടിമാറ്റിയ ശേഷം യുവാവിനെ തലകീഴായി കെട്ടിതൂക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ നിഹാങ്കുകൾ തന്നെയാണ് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു. നിഹാങ്കുകൾക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവും ഇല്ലെന്നും കര്‍ഷക സംഘടനകൾ വിശദീകരിച്ചു.
കര്‍ഷക സമരത്തിന്‍റെ തുടക്കം മുതൽ സായുധരായ സിഖ് നിഹാങ്കുകൾ സിംഗുവിലെ സമരസ്ഥലത്തുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെ സംഘര്‍ഷമാക്കിയതിലും നിഹാങ്കുകളുടെ പങ്ക് വ്യക്തമായിരുന്നു. ലഖിംഗ്പ്പൂര്‍ ഖേരി സംഭവത്തിൽ പ്രതികൂട്ടിലായ ബിജെപിക്ക് സിംഗുവിലെ കൊല കര്‍ഷക നേതാക്കൾക്കെതിരെയുള്ള ആയുധമായി. കര്‍ഷക നേതാക്കളാണ് കുറ്റവാളികളെന്ന് ബിജെപി ആരോപിച്ചു. അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടു.