ന്യൂഡൽഹി: ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന സ്‌ത്രീ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിന് ഏറ്റവും കടുത്ത മാനസിക പീഡനമാവുമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹർജിക്കാരന് വിവാഹമോചനം അനുവദിച്ചു.
ഈറോഡ് മെഡിക്കൽ കോളേജിൽ പ്രൊഫസറായ സി. ശിവകുമാറിന്റെ വിവാഹമോചന ഹർജി അനുവദിച്ച് ജസ്റ്റിസ് വി.എം. വേലുമണി, എസ്. സൗന്ദർ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. വിവാഹമോചനത്തിനായി 2016 ജൂൺ 15ന് കുടുംബ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചതിനെ തുടർന്ന് ശിവകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹച്ചടങ്ങിലെ ആചാരമാണ് താലികെട്ട്. ഭർത്താവിന്റെ മരണശേഷം മാത്രമേ താലി മാറ്റാറുള്ളൂ. ഭർത്താവ് ജീവിച്ചിരിക്കെ താലി നീക്കുന്നത് ക്രൂരതയാണന്ന് കോടതി പറഞ്ഞു.
വേർപിരിഞ്ഞപ്പോൾ താലി മാല മാത്രമേ ലോക്കറിൽ വച്ചുള്ളൂവെന്നും താലി തന്റെ പക്കൽ സൂക്ഷിച്ചെന്നും ഭാര്യ വിശദീകരിച്ചെങ്കിലും താലിമാല മാറ്റുന്നതിനും പ്രാധാന്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2011 മുതൽ ദമ്പതികൾ അകന്ന് കഴിഞ്ഞ കാലത്ത് ഭാര്യ അനുരഞ്ജനത്തിനായി ശ്രമിച്ചില്ലെന്നും കോടതി സൂചിപ്പിച്ചു. ശിവകുമാറിനെ വനിതാ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പൊലീസിന്റെയും മുമ്പിൽ വച്ച് പോലും പരസ്ത്രീ ബന്ധവും മറ്റും ആരോപിച്ച് അപമാനിക്കാൻ ശ്രമമുണ്ടായി. യുവതിയുടെ എല്ലാ പ്രവൃത്തികളും ഭർത്താവിനെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഈ കാരണങ്ങളാൽ വിവാഹ മോചനം അനുവദിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു.
ഹിന്ദു മാര്യേജ് ആക്ടിലെ സെക്‌ഷൻ 7 പ്രകാരം താലി കെട്ടുന്നത് നിർബ്ബന്ധമല്ലെന്ന് യുവതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. താലി അഴിച്ചു മാറ്റി എന്ന ശിവകുമാറിന്റെ വാദം മുഖവിലയ്ക്കെടുത്താൽ തന്നെ അത് വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.