മുംബൈ:യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന്‍ ആര്‍ബിഐ. യുഎസിലെ ബാങ്ക് തകര്‍ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.
മൂലധനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്‍ബിഐ ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ബാങ്കുകള്‍ നല്‍കിയ വായ്പകള്‍ ആര്‍ബിഐ നിരീക്ഷിച്ചുവരികയാണ്. യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്‍, ഐഎല്‍ആന്‍ഡ്എഫ്‌സി പ്രതിസന്ധികള്‍ക്കുശേഷം ഈ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കിട്ടാക്കടം ഉള്‍പ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച ധനസ്ഥിതിയിലാണ് ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളുള്ളത്. നിവിലെ സാഹചര്യം തുടരന്നു കൊണ്ടുപോകുന്നതിനാണ് ആര്‍ബിഐയുടെ ജാഗ്രത.
ഈടില്ലാതെ നല്‍കുന്ന(അണ്‍സെക്വേഡ്) റീട്ടെയില്‍ വായ്പകളില്‍ ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട ബിസിനസ് വായ്പകള്‍ തുടങ്ങിയവയാണ് ഈയിനത്തില്‍വരുന്നത്. ഇത്തരം വായ്പകളുടെ മൊത്തം വിഹിതം 2020 ജൂണിനുശേഷം മൂന്ന് ശതമാനത്തിലധികം(300 ബേസിസ് പോയന്റ്) വര്‍ധിച്ചതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ നിശ്ചിത പരിധിക്കുള്ളില്‍ തുടരാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിഐയുടെ കണക്കുപ്രകാരം 2022 ഫെബ്രുവരി മൂതല്‍ 2023 ഫെബ്രുവരിവരെ നല്‍കിയ ഈയിനത്തിലെ വായ്പകള്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു.
വന്‍കിട കോര്‍പറേറ്റുകള്‍ക്കുള്ള വായ്പയായ 1.18 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണിത്. ഭവനവായ്പയായി ഈ കാലയളവില്‍ 2.49 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കെയര്‍ റേറ്റിങിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈടില്ലാത്ത വായ്പാ വിപണി 13.2 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.
ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടും സുരക്ഷിതമല്ലാത്ത ഇത്തരം വായ്പകള്‍ മറ്റ് റീട്ടെയില്‍ ലോണുകളേക്കാള്‍ വേഗത്തിലാണ് കൂടുന്നതെന്ന് ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു.