മേപ്പടിയാന്റെ വ്യാജ പതിപ്പ്; വൈകാരിക പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി: മേപ്പടിയാന്‍ സിനുമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെത്തുടര്‍ന്നു വൈകാരിക പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കോവിഡ് പ്രതിസന്ധികളിലും ചിത്രം തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് ചിത്രത്തിലെ നായകനായ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

”നാലു വര്‍ഷം കൊണ്ട് വളരെ കഷ്ടപ്പെട്ടു മനസില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാന്‍’! ഈ കോവിഡ് പ്രതിസന്ധി കാലത്തു പലരും തിയേറ്ററില്‍നിന്നു പിന്‍വാങ്ങിയപ്പോഴും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെകൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോടു കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അതു വീട്ടില്‍ ഇരുന്നു കാണുന്നു എന്നാണ്.

കോവിഡ് ബാധിച്ചു തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്സ് വച്ചിട്ടു തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്നു ഞങ്ങള്‍ പറയാതെതന്നെ നിങ്ങള്‍ക്കറിയാമല്ലോ എത്രയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50ശതമാനം മാത്രം സീറ്റിംഗ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണം.

ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാര്‍ഥമായി സ്നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സംവിധായകന്‍ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല.

എത്ര തവണ പൈറസിക്ക് എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. ഞായര്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കള്‍ തൊട്ട് മേപ്പടിയാന്‍ 138 ഇല്‍ പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News