കൊച്ചി:നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങൾ റീൽസ് വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവിന്റെ മുൻകാലത്തെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. ചിലർ നടൻ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.
‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..’ എന്നാണ് ഇതിൽ ഒരു വിരുതന്റെ ഫലിതം. കമന്റിന് നടന്റെ മറുപടിയും ഉടനെത്തി. ‘‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്. ഇവിടെ ഇപ്പോൾ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’’ താരം കുറിച്ചു. ഉണ്ണിയുടെ കമന്റിന് കയ്യടിച്ച് ആരാധകരടക്കം നിരവധിപേർ രംഗത്തുവന്നു.
ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടിക് ടോക് താരം അറസ്റ്റിലായത്. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഒട്ടേറെപ്പേർ പിന്തുടരുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്തു വൈറലാക്കുന്നതിന്റെ ടിപ്സുകൾ നൽകാമെന്നു പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.
പിന്നീട് വിഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. ഒട്ടേറെത്തവണ പെൺകുട്ടിയുമായി ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽനിന്നു പൊലീസ് കണ്ടെടുത്തു.