കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടൻ ബാല. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് താൻ അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയില്ലെന്നാണ് ബാലയുടെ ആരോപണം. സംവിധായകനും മറ്റ് ടെക്നീഷ്യൻമാർക്കും പണം നൽകാതെ ഉണ്ണി മുകുന്ദൻ കഷ്ടപ്പെടുത്തുകയാണ്. സ്ത്രീകൾക്ക് മാത്രമാണ് പണം നൽകിയത്. ഉണ്ണി ഒരിക്കലും താൻ വിചാരിച്ചപോലുള്ള ഒരു വ്യക്തിയല്ലെന്നും ബാല പറഞ്ഞു.
സിനിമയുടെ കാമറമാനെ അഭിമുഖത്തിനിടെ ബാല വിളിക്കുകയായിരുന്നു. നിങ്ങൾക്ക് പൈസ കിട്ടിയോ എന്ന ചോദ്യത്തിന് ഇല്ല സർ എനിക്ക് ഇനി ഒരു ലക്ഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഡയറക്ടർക്കും പൈസ കൊടുത്തില്ലെന്നും അദ്ദേഹത്തിന് ലഭിച്ചില്ലെന്നാണ് അറിയിച്ചതെന്നും ബാല പറയുന്നു. ‘എനിക്കും ഒറ്റ പൈസ തന്നിട്ടില്ല. പക്ഷേ പടം വൻ ലാഭത്തിലാണ് പോയത്. എല്ലാ ചാനലിലും പോയി പറയുന്നത് ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്നാണ്. ഞാനും ഉണ്ണിയെ തീയറ്ററിൽ കണ്ടപ്പോൾ കെട്ടിപ്പിട്ട് ഉമ്മകൊടുത്തിരുന്നു. എത്ര കച്ചവടം നടന്നു, നമ്മളൊക്കെ മണ്ടൻമാരാണോ?’.
‘ഞാൻ അറിഞ്ഞൊരു കാര്യം പറയാം.പെണ്ണുങ്ങൾക്ക് എല്ലാവർക്കും കാശ് കൊടുത്തിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. ഉണ്ണി മുകുന്ദൻ ചെറിയ പയ്യനാണ്. ഇങ്ങനെ ചതിക്കാൻ പാടുണ്ടോ? എന്റെ അച്ഛൻ 426 പടം പ്രൊഡ്യൂസ് ചെയ്ത് ഡയറക്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ചതിക്കാൻ പാടില്ല.ഷൂട്ടിംഗിനെ ജനറേറ്ററിൽ നിന്ന് ഒരു പയ്യൻ വീണ് താഴെ പോയി. ആരാണ് ആശുപത്രിയിലാക്കിയത്? സിനിമ വിട്ടേക്ക് അൽപ്പം മനുഷ്യത്വം വേണ്ടേ?
പടം ചെയ്ത് ആർക്കും ഒരു പൈസയും കൊടുക്കാതെ എല്ലാവരേയും കഷ്ടപ്പെടുത്തിയിട്ട് ഒരു കോടി 25 ലക്ഷം രൂപയ്ക്ക് ഉണ്ണി മുകുന്ദൻ ഒരു കാർ വാങ്ങിയിരിക്കുകയാണ് ഇപ്പോൾ. നിനക്ക് കഷ്ടപ്പെട്ടവർക്കുള്ള പൈസ കൊടുക്ക്. ഞാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. കാര്യം പറഞ്ഞു. എനിക്ക് ഒരു മടിയുമില്ല ആരേയും പേടിയുമില്ല. മര്യാദയ്ക്ക് എല്ലാവരേയും സെറ്റിൽ ചെയ്യണം.
എനിക്ക് ഒരു പൈസ വേണ്ട, പക്ഷേ പാവപ്പെട്ടവർക്ക് പൈസ കൊടുക്കണം. പെണ്ണുങ്ങൾക്ക് മാത്രമല്ല ശമ്പളം കൊടുക്കേണ്ടത്. അതിന് വേറെ അർത്ഥമുണ്ട്.ഞാൻ വിചാരിച്ച വ്യക്തിയല്ല ഉണ്ണി മുകുന്ദൻ. എന്റെ നിലപാടുകളിലും എത്തിക്സിലും ഉറച്ച് നിൽക്കുന്നയാളാണ് ഞാൻ. ലാഭം മുഴുവൻ എടുത്തിട്ട് കാർ ഒക്കെ വാങ്ങിയിരിക്കുകയാണ്.
പാവപ്പെട്ട ടെക്നീഷ്യൻമാർക്ക് പൈസ കൊടുത്തിട്ടില്ല. പാവപ്പെട്ട ടെക്നീഷ്യൻമാരെ ചതിക്കരുത്. എന്നെ ചതിച്ചോളൂ,എനിക്ക് താങ്ങാൻ പറ്റും. എന്ത് പറയണമെന്ന് അറിയില്ല. ഇനി അങ്ങനെ ചെയ്യരുത്. ഉണ്ണി മുകുന്ദൻ അഭിനയിച്ചോട്ടെ ഇനി പടം പ്രൊഡ്യൂസ് ചെയ്യാൻ നിക്കരുത്. നിയമ നടപടി ഉദ്ദേശിക്കുന്നില്ല. അവന് ദൈവം കൊടുക്കും. എന്നോട് പരാതികൊടുക്കാനാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ ഞാൻ പരാതി കൊടുക്കില്ല. ഒരാൾ ചെയ്യുന്ന തെറ്റ് സ്വയം അറിയണം. അല്ലെങ്കിൽ ദൈവം ഇണ്ട്. ദൈവം കൊടുക്കും’, ബാല പറഞ്ഞു.